എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മന്ത്രി ലോനപ്പന്‍ നമ്പാടന്‍ അന്തരിച്ചു
എഡിറ്റര്‍
Wednesday 5th June 2013 2:24pm

lonappanകൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ലോനപ്പന്‍ നമ്പാടന്‍ (78) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. എം.എല്‍.എ, എം.പി, മന്ത്രി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1935ല്‍ കൊടകരയ്ക്കടുത്ത പേരാമ്പ്രയില്‍ നമ്പാടന്‍ വീട്ടില്‍ കുരിയപ്പന്റേയും പ്ലമേനയുടെയും മകനായി ലോനപ്പന്‍ നമ്പാടന്‍ ജനിച്ചു.  പേരാമ്പ്ര സെന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ ആനി. മൂന്ന് മക്കളുണ്ട്.

Ads By Google

അധ്യാപകന്‍, ജനപ്രതിനിധി, രാഷ്ട്രീയസാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ നേതാവ് എന്നീ നിലകളിലും നമ്പാടന്‍ പ്രശസ്തനാണ്. 27 ഓളം നാടകങ്ങളിലും മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

സഞ്ചരിക്കുന്ന വിശ്വാസി എന്ന പേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട്. കത്തോലിക്കാ സഭയ്‌ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ആത്മകഥ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

ക്രൈസ്തവരില്‍ അന്ധവിശ്വാസവും വിഗ്രഹാരാധനയും വര്‍ധിച്ചുവരികയാണെന്നും സൃഷ്ടാവിനു പകരം സൃഷ്ടിയെയാണ് ആരാധിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

1963ല്‍ കൊടകര പഞ്ചായത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് ജയിച്ചാണ് നമ്പാടന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. 1982 വരെ കേരള കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച നമ്പാടന്‍ പിന്നീട് സി.പി.ഐ.എമ്മിന് ഒപ്പം ചേര്‍ന്നു.

1965ല്‍ കൊടകര നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 77ല്‍ അതേ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചു. 1980ല്‍ രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

നമ്പാടന്റെ കൂറ് മാറ്റത്തെ തുടര്‍ന്നാണ് 1982 ലെ കരുണാകരന്‍ മന്ത്രിസഭ നിലം പൊത്തുന്നത്. 1980 മുതല്‍ 82 വരെ ഗതാഗത വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു.  1982 ലും 87 ലും 91 ലും 96 ലും വീണ്ടും നിയമസഭാംഗമായി. ഗതാഗതം, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഞ്ചരിക്കുന്ന വിശ്വാസി, നമ്പാടന്റെ നമ്പറുകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

 

Advertisement