‘സര്‍ക്കാര്‍ പ്രതിനിധിയെന്ന നിലയില്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് കഴിഞ്ഞ ദിവസം നല്‍കിയ വാക്ക് പൂര്‍ണ്ണമായി പാലിക്കപ്പെട്ടിട്ടില്ല. ഞങ്ങള്‍ ഉന്നയിച്ച മൂന്ന് പ്രധാന ആവശ്യങ്ങളും അംഗീകരിക്കുന്നുവെന്ന പ്രമേയം വോട്ടിനിട്ട് പാസാക്കുമെന്നായിരുന്നു ഉറപ്പ്. ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുന്നുവെന്ന സഭയുടെ നിലപാട് പാര്‍ലമെന്റ് സ്റ്റാന്റിങ് കമ്മിറ്റിയെ അറിയിക്കാനുള്ള തീരുമാനമാണ് ഉണ്ടായത്. ഈ ആവശ്യങ്ങള്‍ വോട്ടിനിട്ട് പാസാക്കുമ്പോള്‍ ലഭിക്കുന്ന ഉറപ്പും തത്വത്തില്‍ അംഗീകരിക്കുന്നതായി വാക്കാല്‍ പറയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ലോക്പാല്‍ വിഷയത്തില്‍ ഒരു തീര്‍പ്പായിരുന്നു ഞങ്ങള്‍ക്കാവശ്യം. ഞങ്ങളുടെ ആവശ്യവുമായി അദ്ദേഹം പ്രണബ് മുഖര്‍ജിയെയും മറ്റു കോണ്‍ഗ്രസ് അംഗങ്ങളെയും കണ്ടു. ഈ ചരിത്രനിമിഷത്തില്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതിനെ ഒരു വഞ്ചനയുടെ ഭാഗമായിട്ടേ കാണാന്‍ സാധിക്കുകയുള്ളു’.

‘ലോക്പാലുമായി ബന്ധപ്പെട്ട് മുന്നോട്ടുവെച്ച മൂന്ന് പ്രധാന കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അത് ജനങ്ങളുടെയുംകൂടി വിജയമാണ്. എന്നാല്‍ ഞാനതിനെ രാജ്യത്തിന്റെ ആകെയുള്ള വിജയമായിട്ട് കാണാന്‍ ആഗ്രഹിക്കുന്നു. ഇവിടെ പാര്‍ലമെന്റ് അടിയറവ് പറയുന്നില്ല. ജനങ്ങളൊരിക്കലും പാര്‍ലമെന്റിനു മുകളിലാവുന്നുമില്ല. ജനാധിപത്യത്തിലും പാര്‍ലമെന്റ് ചര്‍ച്ചകളിലും ജനങ്ങള്‍ക്കും ഇടം ലഭിക്കുകയാണ് ഇവിടെ. ജനാധിപത്യത്തിന്റെ തൂണുകളിലൊന്നായി ജനങ്ങള്‍ പരിഗണിക്കപ്പെടുന്നു. ജനശക്തിയുടെ വിജയമാണിത്. ഒരു ജന്‍ലോക്പാലിനു വേണ്ടി മാത്രമല്ല, മറിച്ച് രാഷ്ട്രത്തെ ബാധിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുവേണ്ടിയും അവര്‍ ഒറ്റക്കെട്ടായി നിലകൊള്ളും’.

‘അഴിമതിക്കെതിരായ ഈ പോരാട്ടത്തെ പിന്തുണച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും നന്ദിയുണ്ട്. ലോക്പാല്‍ വിഷയം സമവായത്തിലെത്തിക്കാന്‍വേണ്ടി പരിശ്രമിച്ച നിതിന്‍ ഗഡ്കരി, സുഷമ സ്വരാജ്, പ്രണബ് മുഖര്‍ജി, സന്ദീപ് ദീക്ഷിത്, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരോട് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്’.

‘സര്‍ക്കാരിന്റെ വഞ്ചനയെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനെക്കുറിച്ച് ജനങ്ങള്‍ക്ക് വൈകാതെ മനസ്സിലാകും. ജനങ്ങളെ പൂര്‍ണ്ണമായും വഞ്ചിക്കാന്‍ അവര്‍ക്കാവില്ല. കാരണം ഭിന്നാഭിപ്രായം നിലനിന്നിരുന്ന ഈ മൂന്ന് കാര്യങ്ങളില്‍ ബി.ജെ.പിയും ഇടതുപാര്‍ട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസിലെ ചിലരും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു’.

‘വമ്പിച്ച ജനപിന്തുണയോടെ ഇത്തരത്തിലൊരു നീക്കം നടത്തിയിരുന്നില്ലെങ്കില്‍ ഉപാധികള്‍ അംഗീകരിച്ചുകൊണ്ടുള്ള ഒരു ലോക്പാല്‍ പാസാകുകയില്ല. പാര്‍ലമെന്റ് നല്‍കിയ ഉറപ്പ് മുന്‍നിര്‍ത്തി നിരാഹാരം അവസാനിപ്പിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ രാംലീല വിട്ടുപോകുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. ലോക്പാലിനൊപ്പം ഞങ്ങള്‍ മുന്നോട്ടുവെച്ച മറ്റു രണ്ടു കാര്യങ്ങള്‍കൂടിയുണ്ട്. ഭൂപരിഷ്‌കരണവും തിരഞ്ഞെടുപ്പു പരിഷ്‌കരണവും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഇവയെക്കുറിച്ച് ലോക്‌സഭയില്‍ പരാമര്‍ശിക്കുയും ചെയ്തിരുന്നു. ഇതിനെ സംബന്ധിച്ചും മറ്റു ഭാവി പരിപാടികളെക്കുറിച്ചും ഹസാരെ നിരാഹാരം അവസാനിപ്പിച്ച ശേഷം സംസാരിക്കും. ഇതേ ജനപിന്തുണ തുടരുകയാണെങ്കില്‍ ഞങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ ഞങ്ങള്‍ ഒറ്റക്കെട്ടായി സമരം ചെയ്യും’.