ന്യൂദല്‍ഹി: ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട് വീണ്ടും വിവാദങ്ങള്‍ പുകയുന്നു. പ്രധാനമന്ത്രിയെ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന അണ്ണഹസാരെയുടെ നിലപാടിനെതിരേ സ്വാമി രാംദേവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ കൂടുതല്‍ കൊഴുത്തത്.

പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസിനേയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ യോഗ ഗുരു കൂടിയായ ബാബാ രാംദേവ് ആശ്ചര്യം പ്രകടിപ്പിച്ചു. ഇരുവരേയും ബില്ലിന്റെ പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവാദത്തിന് ഇല്ലെന്നും രാംദേവ് വ്യക്തമാക്കി.

അതിനിടെ ലോക്പാല്‍ ബില്ലില്‍ നിന്നും സര്‍ക്കാറിനെ പിന്നാക്കംപോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി രാംദേവ് ജൂണ്‍ അഞ്ചുമുതല്‍ നിരാഹാരം അനുഷ്ഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയടക്കമുള്ളവരെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാംദേവിനെ ബോധ്യപ്പെടുത്തുമെന്ന് അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കിയിട്ടുണ്ട്.