ന്യൂദല്‍ഹി : അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ല്‌ ലോക്‌സഭയില്‍ പാസാക്കി. ചൊവ്വാഴ്ച നടന്ന മാരത്തണ്‍ ചര്‍ച്ചക്കു ശേഷം രാത്രി നടന്ന വോട്ടെടുപ്പിലാണ് സഭ ബില്‍ അംഗീകരിച്ചത്.  എന്നാല്‍ ലോക്പാലിന് ഭരണഘടനാ പദവി നല്‍കുന്ന ഭേദഗതി ലോക്‌സഭയില്‍ പരാജയപ്പെട്ടു.

വോട്ടെടുപ്പിന് തൊട്ടുമുമ്പെ ബഹുജന്‍സമാജ് പാര്‍ട്ടിയുടെ 21 അംഗങ്ങളും സമാജ് വാദിപാര്‍ട്ടിയുടെ 22എംപിമാരും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ ഭൂരിപക്ഷത്തിന് വേണ്ട അംഗബലം 251 ആയി കുറഞ്ഞു.  രാത്രി 12 മണിവരെ നീണ്ട സഭാനടപടിയ്ക്കിടെ മൂന്നുബില്ലുകളാണ് സഭ പരിഗണിച്ചത്. ഇതില്‍ ലോക്പാല്‍ ബില്ലും വിവരം തരുന്ന വരെ സംരക്ഷിക്കല്‍ ബില്ലും ശബ്ദവോട്ടോടെ പാസാക്കി.

Subscribe Us:

ബി.ജെ.പി യുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തതോടെ ഭരണഘടനാഭേദഗതി നിര്‍ദ്ദേശം തള്ളുകയും ചെയ്തു. ഭരണഘടനാ ഭേദഗതിബില്‍ പരാജയപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ധനമന്ത്രി പ്രണബ് മുഖര്‍ജി രോഷം പ്രകടിപ്പിച്ചു.  പ്രതിപക്ഷമാണു ലോക്പാലിനു ഭരണഘടനാപദവി ഇല്ലാത്ത അവസ്ഥയുണ്ടാക്കിയതെന്നും ഇതു ജനാധിപത്യത്തിന്റെ ദുര്‍ദിനമാണെന്നും ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടശേഷം കേന്ദ്രമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു.

എന്നാല്‍, സര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് രംഗത്തെത്തിയത്. ന്യൂനപക്ഷത്തിനു പ്രാതിനിധ്യം നല്‍കിയതാണു ഭരണഘടനാ വിരുദ്ധമായി അവര്‍ ചൂണ്ടിക്കാട്ടിയത്. ലോകായുക്താ രൂപവത്കരണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. സിബിഐയുടെ ഭരണവിഭാഗവും അന്വേഷണ വിഭാഗവും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരണമെന്നും ലോക്പാലിന് അന്വേഷണ അധികാരം വേണമെന്നും സുഷമ ആവശ്യപ്പെട്ടു.

ലോക്പാലിന് അനുസരിച്ച് സംസ്ഥാനങ്ങളില്‍ ലോകായുക്ത നിര്‍ബന്ധമാക്കുന്ന വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ ഒത്തുതീര്‍പ്പു പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണു ലോക്പാല്‍ ബില്‍ പാസായത്. ലോകായുക്ത സംബന്ധിച്ച ഈ ഭേദഗതി ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന മറ്റെല്ലാ ഭേദഗതികളും സര്‍ക്കാര്‍ തള്ളി. ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്.

പ്രതിരോധ സേനയെയും തീരസേനാംഗങ്ങളെയും പരിധിയില്‍ ഉള്‍പ്പെടുത്താതെയാണു ‘ലോക്പാല്‍ലോകായുക്ത ബില്‍ 2011’ ഇന്നലെ രാത്രി പാസാക്കിയത്. കോര്‍പറേറ്റുകള്‍, മാധ്യമങ്ങള്‍, സംഭാവന സ്വീകരിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയവയെ ലോക്പാലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രതിപക്ഷ ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടില്ല.

കോര്‍പറേറ്റുകളെ ഉള്‍പ്പെടുത്താന്‍ സി.പി.എം. അംഗം ബസുദേവ് ആചാര്യ കൊണ്ടുവന്ന ഭേദഗതി 69 ന് എതിരേ 247 വോട്ടിനാണു തള്ളിയത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ബില്‍ ദുര്‍ബലമാണെന്നും ആരോപിച്ച് സമാജ്‌വാദി പാര്‍ട്ടിയും ബി.എസ്.പിയും ഇറങ്ങിപ്പോയി. ഇതും ബില്‍ പാസാക്കാന്‍ സര്‍ക്കാരിനു സഹായകമായി. സഭയുടെ വികാരം ഉള്‍ക്കൊണ്ട കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗിക ഭേദഗതികളിലൂടെ ബില്‍ പാസാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു

പത്തു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഒരു മണിക്കൂറിലേറെ നീണ്ട വോട്ടെടുപ്പു പ്രക്രിയയിലൂടെയാണു 40 വര്‍ഷത്തിലേറെ പാര്‍ലമെന്റിന്റെ പരിഗണനയിലുണ്ടായിരുന്ന ബില്‍ ആദ്യ കടമ്പ പിന്നിട്ടത്. യുപിഎയ്ക്കു കേവലഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതു  സര്‍ക്കാരിനു വെല്ലുവിളിയാകും.

Malayalam News

Kerala News In English