ന്യൂദല്‍ഹി :  പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിന് അന്തിമ രൂപം നല്‍കാനുള്ള ചര്‍ച്ച ലോക്‌സഭയില്‍ ഇന്നാരംഭിക്കാനിരിക്കെ അണ്ണാ ഹസാരെ  വീണ്ടും നിരാഹാരം തുടങ്ങും .  മൂന്നു ദിവസമായി വൈറല്‍ പനി ബാധിതനായിരുന്ന അണ്ണാ ഹസാരെ ജന്മഗ്രാമമായ റലേഗണ്‍ സിദ്ധിയില്‍ നിന്ന് ഇന്നലെ സന്ധ്യയ്ക്കു മുംബൈയിലെത്തി.

അതേസമയം മുംബൈയില്‍ നിരാഹാര സമരത്തിന് പുറപ്പെട്ട അണ്ണാഹസാരെയ്ക്ക് നേരെ കരിങ്കൊടി. ഹസാരെ സഞ്ചരിച്ച വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചു.

Subscribe Us:

സമരം തുടങ്ങുന്നതിന് മുന്നോടിയായി ജുഹു ബീച്ചില്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ പോകുന്നതിനിടെയാണ് സംഭവം. സമദ് സൈനിക് ദള്‍ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഹസാരെയുടെ അംഗരക്ഷകരും മുംബൈ പോലീസും ചേര്‍ന്നാണ് പ്രതിഷേധക്കാരെ നീക്കിയത്. ഇവരെ പിന്നീട് അറസ്റ്റു ചെയ്തു.

പ്രതിഷേധക്കാരെ മാറ്റിയ ശേഷം ഹസാരെ ജുഹുവില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. 11 മണിയോടെ എം.എം.ആര്‍.ജി.എ ഗ്രൗണ്ടില്‍ സരം തുടങ്ങും.

അഴിമതി തടയാന്‍ കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കുന്നത് സംബന്ധിച്ച ബില്ലാണ് ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ചയ്ക്കുവരുന്നത്. ലോക്പാല്‍ ലോകായുക്തബില്ലിനൊപ്പം, ലോക്പാല്‍ സംവിധാനത്തിന് ഭരണഘടനാപദവി നല്‍കുന്ന ബില്ലും ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ട്.

ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മിക്ക പാര്‍്ട്ടികളും ഹാജരാകുന്നുണ്ട്. ലോക്പാല്‍ ബില്ലിന്റെ അന്തിമ രൂപം എന്തായിരിക്കുമെന്നു തീരുമാനിക്കുന്നതു പാര്‍ലമെന്റാണെന്നു കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജിയും വ്യക്തമാക്കി. അതേസമയം, നിലവിലുള്ള രൂപത്തില്‍ ബില്ലിനെ പിന്തുണക്കില്ലെന്ന് ബി.ജെ.പി ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നു ദിവസം നീളുന്ന തുടര്‍ചര്‍ച്ച ലോക്‌സഭയില്‍ ആദ്യവും രാജ്യസഭയില്‍ അതിനു ശേഷവും നടത്താനാണ് തീരുമാനം. 29 നകം ബില്‍ പാസാക്കാനാകുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലോക്‌സഭയില്‍ ബില്‍ പാസാകാതെ വന്നാല്‍ സംയുക്ത പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കേണ്ടി വരും.

പാര്‍ലമെന്റിലെ ചര്‍ച്ചയ്ക്കിടെ സര്‍ക്കാര്‍ അവതരിപ്പിച്ച  ബില്ലിന് നാലു ഭേദഗതികള്‍ കൊണ്ടുവരാനാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നത്. സി.ബി.ഐ.യെ ലോക്പാലിന്റെ മേല്‍നാട്ടത്തിലും ഭരണത്തിന്‍ കീഴിലുമാക്കണമെന്ന ആവശ്യമാണ് ഇതില്‍ ഏറ്റവും പ്രധാനം. പിന്നെ ഒന്ന് ന്യൂനപക്ഷങ്ങള്‍ക്കുള്ള സംവരണം ഒഴിവാക്കണം എന്നതാണ്. ന്യൂനപക്ഷത്തിന് നല്‍കിയ സംവരണം ഭരണഘടനാവിരുദ്ധമാണെന്നാണ് പാര്‍ട്ടിയുടെ വാദം.

ലോക്പാലിന് പ്രത്യേക അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തുക, സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് വിപുലീകൃത പാനല്‍ കൊണ്ടുവരുക, സി.ബി.ഐയെ സര്‍ക്കാര്‍ നിയന്ത്രണത്തിനു പുറത്തു നിര്‍ത്തുക എന്നിവയാണ്  ഇടതു പാര്‍ട്ടികള്‍ മുഖ്യമായും മുന്നോട്ടുവെക്കുന്ന ഭേദഗതികള്‍.  പ്രതിപക്ഷപാര്‍ട്ടികള്‍ നിര്‍ദേശിക്കുന്ന ഭേദഗതികളോട് കോണ്‍ഗ്രസ് എടുക്കുന്ന സമീപനമാണ് ബില്‍ പാസാവുമോ എന്ന കാര്യത്തില്‍ നിര്‍ണായകമാവുക. ബില്‍ പാസാവുമെന്ന ശുഭാപ്തിവിശ്വാസമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നത്.

Malayalam News

Kerala News In English