ന്യൂഡല്‍ഹി: ലോക്പാല്‍ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹപ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കെ സമിതിയുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. വൈകിട്ട് നാലരയ്ക്കു ചേരുന്ന യോഗത്തില്‍ കഴിഞ്ഞയോഗം ബഹിഷ്‌കരിച്ച പൊതുസമൂഹപ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.

സമിതിയിലെ പൊതുസമൂഹത്തെ പ്രതിനിധീകരിക്കുന്ന അഞ്ചംഗ സംഘം രാവിലെ കൂടിക്കാഴ്ച നടത്തി യോഗത്തിലെ പ്രധാന അജന്‍ഡകള്‍ സംബന്ധിച്ച് തീരുമാനത്തിലെത്തി. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അണ്ണാ ഹസാരെ പറഞ്ഞു.

അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ പൊതുസമൂഹത്തിന് അവകാശമുണ്ട്. ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പലതും സര്‍ക്കാര്‍ അംഗീകരിച്ചുവെന്നുതന്നെയാണ് വിശ്വാസം. എങ്കിലും ഇനിയും ഏറെ നേടാനുണ്ട്. ജൂണ്‍ 30 വരെ ഇതിനു സമയം ബാക്കിയുണ്ട്. അതിനുശേഷം ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും അണ്ണാ ഹസാരെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രധാനമന്ത്രിയെയും ചീഫ് ജസ്റ്റിസിനെയും ജഡ്ജിമാരെയും ലോക്പാല്‍ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതുസംബന്ധിച്ച് സമിതിയില്‍ അഭിപ്രായവ്യത്യാസം തുടരുകയാണ്. പൊതുസമൂഹപ്രതിനിധികളുടെ ഈ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍പ്രതിനിധികള്‍ ശഠിക്കുന്നു.

ബാബാ രാംദേവിനെതിരെയുണ്ടായ പോലീസ്‌നടപടിയില്‍ പ്രതിഷേധിച്ച് പൊതുസമൂഹപ്രതിനിധികള്‍ ഈ മാസം ആറിനു ചേര്‍ന്ന ലോക്പാല്‍ സമിതിയോഗം ബഹിഷ്‌കരിച്ചിരുന്നു.