ന്യൂദല്‍ഹി: അഴിമതിക്കെതിരായ ലോകപാല്‍ ബില്‍ വര്‍ഷകാല സമ്മേളനത്തോടെ പാസാക്കുമെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു. സംയുക്ത സമിതിയുടെ ആദ്യയോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും ഭേദഗതി ബില്ലിന്റെ കരട് രൂപം തയ്യാറാക്കുക. സമിതിയുടെ അടുത്ത യോഗം മേയ് രണ്ടിന് നടക്കും. യോഗത്തിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്താനും ശബ്ദരൂപം ടേപ്പില്‍ റെക്കോര്‍ഡു ചെയ്യാനും ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Subscribe Us:

ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്. പി.ചിദംബരം, വീരപ്പ മൊയ്‌ലി, സല്‍മാന്‍ കുര്‍ഷീദ്, ഹസാരെ, അരവിന്ദ് കേജ്‌റിവാള്‍, സന്തോഷ് ഹെഗ്‌ഡെ, ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.