ന്യൂദല്‍ഹി: വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍  ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയെ ചില നിബന്ധനകളോടെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്തി. സി.ബി.ഐയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാന ലോകായുക്തയും ബില്ലിന്റെ പരിധിയില്‍വരും.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ലോക്പാല്‍, ലോകായുക്ത ബില്ലുകളില്‍ ചില പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുഷമ സ്വരാജ് ആവശ്യമുന്നയിച്ചത്. ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്‌ക്കെതിരാണ് ഈ ബില്ലെന്ന് സുഷമ കുറ്റപ്പെടുത്തി. ലോക്പാല്‍ ബില്ലില്‍ ന്യൂനപക്ഷസംവരണം ഉള്‍പ്പെടുത്തിയ ഭരണഘടനാ ലംഘനമാണ്. സമിതിയില്‍ 50% സംവരണം വേണമെന്നത് അംഗീകരിക്കാനാവില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവര്‍ കുറ്റപ്പെടുത്തി.

Subscribe Us:

സമാജ്‌വാദി പാര്‍ട്ടിയും ബില്ലിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെ ലാലുപ്രസാദ് യാദവ് ശക്തമായി എതിര്‍ത്തു. പ്രധാനമന്ത്രിയെയും സി.ബി.ഐയെയും ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ലോക്പാല്‍ ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ലാലു പ്രസാദ് യാദവ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. ലോക്പാലിന്റെ സമിതിയില്‍ ന്യനപക്ഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണമാണമായിരുന്നു പ്രധാനമായും ഉന്നയിച്ചത്. പിന്നോക്ക വിഭാഗമായ പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ  പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. ഇതേതുടര്‍ന്ന് ബഹളമുണ്ടായതിനാല്‍ സഭ 3.30വരെ പിരിഞ്ഞിരുന്നു. 3.30ന് വീണ്ടും യോഗം ചേര്‍ന്നശേഷമാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയിലായിരുന്നു ബില്‍ അവതരിപ്പിച്ചത്.

Malayalam News

Kerala News In English