Categories

ലോക്പാല്‍ ബില്ലിന്റെ പല്ലുകള്‍ കൊഴിഞ്ഞാല്‍


എഡിറ്റോ-റിയല്‍/ബാബുഭരദ്വാജ്

ലോക്പാല്‍ ബില്ലിന്റെ ഗതിയെന്താവും? ഇന്നത്തെ നിലവച്ച് നോക്കുമ്പോള്‍ അധോഗതിയാവുമെന്ന് തന്നെയാണ് കരുതുന്നത്. ഹസാരെയുടെ നിരാഹാരസമരം ഉയര്‍ത്തിയ പ്രതീക്ഷയുടെ നാളങ്ങള്‍ ഓരോന്നായി കെടുകയാണോ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. അത്തരം സംശയങ്ങള്‍ക്ക് ഇടമില്ലെന്ന് പ്രമുഖമനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുമ്പോഴും സംശയത്തിന്റെ കരിനിഴല്‍ വ്യാപിച്ചിരിക്കുന്നതുപോലെ തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. അത്തരം സംശയങ്ങള്‍ ഉണ്ടാകാനും വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ഭരണരംഗത്തുള്ളവരും ഹസാരെയ്‌ക്കൊപ്പം നിന്നവരും അറിഞ്ഞോ അറിയാതെയോ നടത്തിയിട്ടുണ്ട്.

ഒരു പക്ഷെ ചിലതൊക്കെ സന്ദര്‍ഭവശാല്‍ സംഭവിച്ചതാവാം, ആകസ്മികമാവാം. എന്നാലിതൊക്കെ കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്ന് വ്യക്തം. അഴിമതിക്കെതിരെ മൂര്‍ച്ചയുള്ള ഒരു ബില്‍ വരുന്നതിനെ ഏറ്റവും അധികം ഭയപ്പെടുന്നത് ഭരണത്തിലിരിക്കുന്നവരും ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവരുമായ രാഷ്ട്രീയപ്രവര്‍ത്തകരാണ്. അഴിമതികൊണ്ട് കാര്യം നേടുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ് അവര്‍ക്കൊപ്പമുള്ളത്. ഉദ്യോഗസ്ഥ വൃന്ദം ഏറെക്കുറെ മുഴുവനും അഴിമതി ബില്ലിനെ ഭയക്കുന്നവരാണ്. ലോക്പാല്‍ ബില്ലിന്റെ പല്ലുകള്‍ കൊഴിക്കുന്നതില്‍ അവര്‍ സഖ്യശക്തികളുമാണ്. ബലം പ്രയോഗിച്ച് പല്ലുകള്‍ അടിച്ച് കൊഴിക്കാന്‍ ജനങ്ങള്‍ ഒന്നാകെ ഉണര്‍ന്നു കഴിഞ്ഞ ഈ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ‘ലോക്കല്‍ അനസ്‌തേഷ്യ’ നടത്തി പല്ലുകള്‍ ഓരോന്നായി പറിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതിന് ലോക്പാല്‍ ബില്‍ തയ്യാറാക്കാന്‍ രൂപപ്പെടുത്തിയ കമ്മറ്റികളിലുള്ളവരും കൂട്ടുനില്‍ക്കുകയോ എന്ന സംശയം ഉയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുന്നു.

ഹസാരെ മോഡിയെ പ്രകീര്‍ത്തിച്ചതുന്നെ തുടക്കത്തിലേയുള്ള കല്ലുകടിയായിരുന്നു. കഴിഞ്ഞ ഒന്‍പത് കൊല്ലമായി ഗുജറാത്തില്‍ ലോകായുക്തയെ നിയമിക്കാനുള്ള ഫയല്‍ പൂഴ്ത്തിവെച്ച ആളാണ് മോഡി. തുടര്‍ന്ന് കമ്മറ്റിയിലേക്ക് ഹസാരെ നിര്‍ദേശിച്ച പേരുകളും സംശയമുളവാക്കി. അച്ഛനും മകനും ഒരേ കമ്മിറ്റിയില്‍ കടന്നുകൂടിയത് പ്രശ്‌നമായി. നിയമജ്ഞരായ അച്ഛനും മകനുമെതിരെ സിഡി വിവാദവും ഭൂമി ഇടപാടും കുംഭകോണവും തലയുയര്‍ത്തി. അതുയര്‍ത്തിക്കൊണ്ടുവന്നവരില്‍ പ്രമുഖര്‍ ഭരണകക്ഷിയിലെ പ്രധാനിയായ ദ്വിഗ് വിജയ് സിംങ്ങാണെന്ന കാര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു കാര്യം നടക്കുന്നതെന്നും അതുകൊണ്ടാണ് ഇത്തരം ആരോപണ പ്രത്യാരോപണങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് കമ്മിറ്റിയിലുള്ളവര്‍ പറയുന്നത്. സന്ദര്‍ഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഭരണകൂടവും പൊതുസമൂഹത്തില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി നിയമം നിര്‍മിക്കാനുള്ള കമ്മിറ്റി ഉണ്ടാക്കിയെന്നത് ശുഭസൂചകമാണെന്നാണ് കമ്മറ്റിക്കാര്‍ പറയുന്നത്. പാര്‍ലിമെന്‍ാണ് ഏറ്റവും വലിയ നിയമനിര്‍മ്മാണ സഭയെന്നും എന്നാല്‍ പൊതുജനാഭിപ്രായം മാനിക്കപ്പെടാതിരുന്നു കൂടെന്നും അവര്‍ വാദിക്കുന്നു. ഭരണത്തിലുള്ള പൊതുജനപങ്കാളിത്തം വോട്ടുചെയ്യലിലും തിരഞ്ഞെടുപ്പിലും മാത്രമായി ഒതുങ്ങരുതെന്നും അവര്‍ പറയുന്നു. പറഞ്ഞതും കേട്ടതുമായ കാര്യങ്ങളൊക്കെ നല്ലതുതന്നെ. അതിനെയാണ് ഇക്കൂട്ടര്‍ നടപ്പാക്കാന്‍ പോവുന്നതെന്നതാണ് പ്രധാനകാര്യം.

കമ്മിറ്റി ആദ്യം തന്നെ തീരുമാനത്തിലെത്തിയ കാര്യം ഉയര്‍ന്ന നീതിപാലകരായ ഹൈക്കോടതി ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരേയും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ട എന്നതാണ്. ഉയര്‍ന്ന ജുഡീഷ്യറി കൈക്കൂലി അപവാദങ്ങളില്‍ കുടുങ്ങി ശ്വാസം മുട്ടുമ്പോഴാണ് അവരെ ഒഴിവാക്കാന്‍ കാരുണ്യപൂര്‍വ്വം സമിതിയില്‍ ധാരണയായതെന്ന കാര്യം അമ്പരിപ്പിക്കുന്നതാണ്. അവര്‍ക്കുവേണ്ടി പുതിയൊരു നിയമം എന്നതും ശരിയായിക്കൊള്ളണമെന്നില്ല. പ്രധാനമന്ത്രിയെ നിയമത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പാര്‍ലമെന്റ് തീരുമാനിച്ചോട്ടേ എന്നാണ് മറ്റൊരു ധാരണ. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവുമേറെ ആരോപണവിധേയനായ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംങ്. അഴിമതിക്കാരെ മന്‍മോഹന്‍സിംങ് സഹായിച്ചുവെന്ന കാര്യത്തില്‍ വ്യാപകമായ സംശയം നിലനില്‍ക്കുന്നു. ഇത്തരം ഒരു അവസ്ഥയില്‍ പ്രധാനമന്ത്രിയെ നിയമത്തിന് പുറത്താക്കി സംരക്ഷിക്കുന്നതില്‍ ന്യായീകരണമില്ല. ഇതിനെ അധികാരസ്ഥാനത്തുള്ളവര്‍ ഓരോന്നോരോന്നായി നിയമത്തിന് വെളിയിലേക്ക് ചാടുമ്പോള്‍ അവശേഷിക്കുന്നവര്‍ ചെറുവീണകളായിരിക്കും എന്നും അവര്‍ മാത്രമാണ് വലയില്‍ അവശേഷിക്കാറുള്ളത്.

ആരെയൊക്കെയോ രക്ഷപ്പെടുത്താനും സംരക്ഷിക്കാനുമാണോ ഈ നിയമനിര്‍മാണം എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. പല്ലുകള്‍ കൊഴിഞ്ഞ ഒരു നിയമത്തെ ആര്‍ക്കാണ് പേടി. അതുകൊണ്ടെന്താണ് പ്രയോജനം? ഒരിക്കല്‍ ഹസാരെ ഉണര്‍ത്തിയ ജനം ഇനി ഉറങ്ങാന്‍ കൂട്ടാക്കി എന്നും വരില്ല. ആ ജനശക്തിയിലാണ് ഞങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

One Response to “ലോക്പാല്‍ ബില്ലിന്റെ പല്ലുകള്‍ കൊഴിഞ്ഞാല്‍”

 1. Gopakumar N.Kurup

  പ്രിയ ബാബു ഭരദ്വാജ്, താങ്കള്‍ ഈ ലേഖനം വഴി എന്താനുദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലായില്ല.. താങ്കള്‍ ലോക്പാല്‍ ബില്ലിനെ അനുകൂലിക്കയാണോ അതോ അന്നാ ഹസാരെയെയു മറ്റുള്ളവരെയും പരിഹസിക്കയാണോ..?? അന്നാ ഹസാരെയുടെ സത്യാഗ്രഹത്തിനു ശേഷം ഈ നാട്ടിലെ ഏതൊരാള്‍ക്കും അറിയാവുന്നതേ താങ്കളും കുറിച്ചിട്ടുള്ളൂ, താങ്കളെപ്പോലെയുള്ള ഒരു പത്രപ്രവര്‍ത്തകന്‍ കോപ്പീപേസ്റ്റ് ആകുന്നതെന്തിനാണു..?? ഈ ലേഖനം എഴുതാല്‍ ഒരു ബാബു ഭരദ്വാജിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല..!!

  നമ്മുടെ കാതലായ പ്രശ്നം തന്നെയാണിത് ഒരാള്‍ വളരെ പ്രസക്തമായ ഒരു വിഷയം അവതരിപ്പിക്കുമ്പോള്‍ അയാളുടെ ഇല്ലാത്ത പിഴവുകള്‍ ഉണ്ടെന്നു വരുത്താനാണു നമുക്ക് വ്യഗ്രത..!! അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്നു പറയുന്നത് പോലെ..!!
  അന്നാ ഹസാരെ ഉയര്‍ത്തിയ വിഷയം അഴിമതിക്കെതിരെയാണു. ലോകത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ ഉയരെയാണു..!!
  ഇന്ത്യയില്‍ നടപ്പിലാകേണ്ട എത്രയോ വികസന പദ്ധതികള്‍ അഴിമതിയില്‍ മുങ്ങിപ്പോയിരിക്കുന്നു..!! വികസിത രാജ്യം എന്ന പേര്‍ കേള്‍ക്കേണ്ട സ്ഥാനത്ത് വര്‍ഷങ്ങളായി നാം വികസ്വരമാണു..!! എന്നാല്‍ വീമ്പു പറച്ചിലില്‍ ആര്‍ക്കും പിന്നിലല്ല താനും..!! ഇതിന്റെയെല്ലാം മൂല കാരണം അഴിമതിയാണു..!! അതാകട്ടെ പൊതു പ്രവര്‍ത്തകരുടെ അറിവോടെയല്ലാതെ നടക്കയില്ല താനും..!! ആ വിഷയത്തില്‍ ശ്രദ്ധയൂന്നാതെ മോഡിയെ പ്രശംസിച്ചു, അച്ഛനും മകനും ഒരേ കമ്മിറ്റിയില്‍ വന്നു എന്നൊക്കെയുള്ള ബാലിശ വാദങ്ങളില്‍ കടിച്ചു തൂങ്ങുന്നത് ശരിയാണോ..?? അച്ഛനും മകനും എന്നു താങ്കള്‍ ഉദ്ദേശിച്ചിരിക്കുന്നത് ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവരെയാണെന്നു ഞാന്‍ മനസ്സിലാക്കുന്നു.. അച്ഛനും മകനും ആയിപ്പോയതിനാല്‍ അവര്‍ അഴിമതിക്കെതിരെ സ്വീകരിക്കുന്ന നിലപാടുകള്‍ കാണുന്നില്ല എന്നു നടിക്കാന്‍ നമുക്കാകുമോ..?? പ്രത്യേകിച്ചും ഈ നാടിന്റെ അധികാരം ഒരു അമ്മയിലും മകനിലും നിഷിപ്തമായിരിക്കുന്ന ഈ കാലയളവില്‍..!! ഓര്‍ക്കേണ്ടത് നിങ്ങളടക്കമുള്ള മാധ്യമവര്‍ഗം എന്തെല്ലാമോ കാരണങ്ങളായി തമസ്കരിച്ചവ തന്നെയാണു ഹസാരെ ഉയര്‍ത്തിയതെന്നാണു..!!
  ദിഗ്‌വിജയ് സിംഗിനെപ്പോലുള്ള ആളുകളുടെ ജല്പനങ്ങള്‍ക്ക് ചെവി കൊടുക്കാതിരിക്കുക..!! ലോക്പാല്‍ ബില്‍ തടയേണ്ടത് അവരുടെ ഏറ്റവും വലിയ ആവശ്യമായതിനാലാണു കമിറ്റി അംഗങ്ങളെക്കുറിച്ച് ഇത്തരം ആരോപണങ്ങള്‍ പറയുന്നത് എന്നു മനസ്സിലാക്കാനുള്ള വിവേകം സാധരണക്കാരായ ഞങ്ങള്‍ക്കുണ്ട്.. രാജയും കനിമൊഴിയും, കല്‍മാഡിയുമെല്ലാം അതു ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു..!!
  അതിനാല്‍ ഇത്തരം വിസര്‍ജ്യങ്ങള്‍ വിളമ്പാതെ, വസ്തുനിഷ്ടമായ അവലോകനത്തിനു ശ്രമിക്കൂ..!!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.