ന്യൂദല്‍ഹി: ലോക്പാല്‍ ബില്‍ നടപ്പാക്കുന്നതുസംബന്ധിച്ചുള്ള കൂടിയാലോചനയ്ക്കായി ചേരുന്ന സര്‍വകക്ഷിയോഗം ഇന്ന് നടക്കും. പ്രധാനമന്ത്രിയെയും കോടതിയെയും ലോക്പാലിന്റെ കീഴില്‍ കൊണ്ടുവരണമെന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യോഗം പ്രധാനമന്ത്രിയുടെ വസതിയിലാണ് നടക്കുന്നത്.

കേന്ദ്രം വിളിച്ച് ചേര്‍ത്ത് യോഗത്തില്‍ ഭരണകക്ഷികളും മുഖ്യപ്രതിപക്ഷ സഖ്യമായ എന്‍.ഡി.എ.യും ഇടതുപക്ഷകക്ഷികളും പങ്കെടുക്കും. ജനതാദളും (യു) വും അകാലിദളും ബി.ജെ.പി.ക്കൊപ്പം യോഗത്തില്‍പങ്കെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു സഖ്യകക്ഷിയായ ശിവസേന വിട്ടുനില്‍ക്കും. ശിവസേനാമേധാവി ബാല്‍ താക്കറെക്കെതിരെ അന്ന ഹസാരെ സംസാരിച്ചതാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. സേനയുടെ തീരുമാനം മാറ്റാനായി ശ്രമിക്കുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു.

അതേസമയം കേന്ദ്ര മന്ത്രിസഭ തയാറാക്കുന്ന ലോക്പാല്‍ ബില്ലിന്‍മേലാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തേണ്ടതെന്ന് ബി.ജെ.പിയും ഇടതുപക്ഷവും ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ കക്ഷികള്‍ ധാരണയിലെത്തി. സര്‍വകക്ഷി യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്‍ ധാരണയിലെത്തിയ വിവരം സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പരസ്യമായി വെളിപ്പെടുത്തിയത്.ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എല്‍.കെ. അദ്വാനി വ്യംഗ്യമായ സൂചന നല്‍കുകയും ചെയ്തു.ഇതോടെ ഇന്നത്തെ സര്‍വകക്ഷി യോഗം യോജിപ്പിലെത്താതെ പിരിയുമെന്നാണ് കരുതപ്പെടുന്നത്.