ന്യൂദല്‍ഹി: ലോക്പാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം ഇന്ന് ചേരും. പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ബില്ലിന് പ്രതിപക്ഷത്തിന്റെ പി്ന്തുണ ഉറപ്പാക്കുകയാണ് സര്‍വ്വകക്ഷിയോഗത്തിലൂടെ യു.പി.എ ലക്ഷ്യമിടുന്നത്.

കഴിഞ്ഞദിവസം പ്രധാനമന്ത്രിയും യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയും യു.പി.എ ഘടകകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ബില്ലില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ചില ഉപാധികളോടെയാണ് പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഇന്ന് നടക്കുന്ന സര്‍വകക്ഷിയോഗത്തിനുശേഷം പുറത്തുവിടുമെന്നാണ് സൂചന.

Subscribe Us:

യു.പി.എ അണികള്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ ചൊവ്വാഴ്ചത്തെ ചര്‍ച്ച കൊണ്ട് കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം അറിയിച്ചിരുന്നു. ചര്‍ച്ചയില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിഷേക് മനു സിംങ്‌വിയും ബില്ലിനെക്കുറിച്ച് പറയുകയും ബില്ലിന്റെ വിശദാംശങ്ങള്‍ ഘടകകക്ഷികളെ ധരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം ലോക്പാല്‍ ബില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അണ്ണാ ഹസാരെ ജന്ദര്‍മന്ദിറില്‍ നിരാഹാര സമരം നടത്തിയിരുന്നു. ഹസാരെ രാംലീല മൈതാനത്ത് നടത്തിയ സമരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിച്ചിരുന്നില്ല. എന്നാല്‍ ജന്ദര്‍മന്ദിറില്‍ യു.പി.എ ഘടകകക്ഷികളൊഴികെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ഹസാരെയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇത് കേന്ദ്രസര്‍ക്കാറിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പ്രതിപക്ഷത്തെ അനുനയിപ്പിക്കുകയാണ് സര്‍വകക്ഷിയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. ലോക്പാല്‍ ബില്ലില്‍ ചില ഉപാധികളോടെ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ഒരു പരിധിവരെ മറികടക്കാന്‍ ഈ തീരുമാനം കൊണ്ടുകഴിയുമെന്നാണ് യു.പി.എ പ്രതീക്ഷിക്കുന്നത്.

Malayalam news

Kerala news in English