എഡിറ്റര്‍
എഡിറ്റര്‍
അന്വേഷണം ശരിയായ ദിശയില്‍; കൃത്യമായ തെളിവ് ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ്; കാത്തിരിക്കണമെന്ന് ബെഹ്‌റ
എഡിറ്റര്‍
Monday 3rd July 2017 11:07am

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും അത് വളരെ ത്വരിതഗതിയില്‍ മുന്നോട്ടു പോകുകയാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.

കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള തെളിവ് ലഭിച്ചാല്‍ അതുണ്ടാകുമെന്നും പ്രതിയുടെ എത്ര അടുത്ത് പൊലീസ് എത്തി എന്ന കാര്യം ഈ ഘട്ടത്തില്‍ വിശദീകരിക്കുന്നത് ശരിയല്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ ഏകോപനമില്ലെന്ന് മുന്‍ പൊലീസ് മേധാവി സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. അതേക്കുറിച്ച് കൂടുതല്‍ പറയാനില്ല.

കേസിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ തയ്യാറല്ല. തെളിവ് പൂര്‍ണമായും കിട്ടിയാലേ അറസ്റ്റുണ്ടാകുള്ളൂവെന്നും എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അന്വേഷണപുരോഗതി വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് നോര്‍ത്ത് സോണ്‍ ഐ.ജി. ദിനേന്ദ്ര കശ്യപിനോട് അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നായിരുന്നു ബെഹ്റയുടെ നിര്‍ദേശം. കേസ്ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡി.ജി.പി. കേസന്വേഷണം ഇഴയുന്നതില്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.


Dont Miss ഗോവ വിമാനത്താവളത്തിലെ ബി.ജെ.പി പൊതുയോഗം നിയമവിരുദ്ധം; അമിത് ഷാക്കെതിരെ പരാതി


അതിനിടെ നടി ആക്രമിക്കപ്പെടുന്നതിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, നടിയ ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇതിന്റെ ആധികാരികത ഉറപ്പുവരുത്താനുള്ള പരിശോധനയിലാണ് പോലീസ്.

വാഹനത്തിനുള്ളിലെ ഇരുട്ടിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. രണ്ടരമിനിറ്റോളം നീളുന്ന ദൃശ്യങ്ങളാണ് പൊലീസിന്റെ കൈവശമുള്ളത്. വാഹനത്തില്‍ നടി കരയുന്നതിന്റെ അവ്യക്തമായ ശബ്ദങ്ങളും ദൃശ്യത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.സുനിയുടെ നിര്‍ണ്ണായക ഫോണ്‍ രേഖകളും പൊലീസ് കണ്ടെത്തി.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാക്കനാട്ടെ ഒരു സ്ഥാപനത്തില്‍ ഏല്‍പ്പിച്ചുവെന്ന സുനിയുടെ മൊഴിയില്‍, നടി കാവ്യ മാധവന്റെ വസ്ത്രസ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നും ഒന്നും കണ്ടെത്തിയിരുന്നില്ല. ഇവിടെ നിന്നും പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് ശാസ്ത്രീയ പരിശോധനക്ക് അയക്കും. നടിയെ ആക്രമിച്ചതിന് മുന്‍പും ശേഷവുമുള്ള പത്ത് ദിവസത്തെ ദൃശ്യങ്ങളാണിത്.

Advertisement