തിരുവനന്തപുരം: മുഖ്യമന്ത്രി ഒപ്പിട്ട നിയമന ഉത്തരവ് നാളെ ലഭിച്ചാല്‍ താന്‍ നാളെത്തന്നെ ചുമതലയേല്‍ക്കുമെന്ന് ടി.പി സെന്‍കുമാര്‍. ഉത്തരവ് കൈയ്യില്‍ കിട്ടിയ ശേഷം മാത്രം വിഷയത്തില്‍ പ്രതികരിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു. അതേസമയം പൊലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.


Also read ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം 


കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്. നിയമന ഉത്തരവ് നാളെത്തന്നെ സെന്‍കുമാറിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്കുള്ളിലും സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പൊലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കുമ്പോള്‍ നിലവിലെ ഡി.ജി.പിയായ ലോക്‌നാഥ് ബെഹ്‌റയെ ഏത് പദവിയില്‍ നിയമിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നതടക്കമുള്ള ആവശ്യങ്ങളടങ്ങുന്ന ഹര്‍ജിയായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

എന്നാല്‍ ഹര്‍ജി തള്ളിയ കോടതി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോടതി ചിലവായ 25000 രൂപ പിഴയിനത്തില്‍ ഒടുക്കാനും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഒരാഴ്ചക്കുള്ളില്‍ ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയില്‍ പിഴയൊടുക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ അടക്കുന്ന പിഴതുക ബാലനീതിക്കുവേണ്ടി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.