ബാംഗ്ലൂര്‍: ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി ബി. എസ്. യെദ്യൂരപ്പ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ബാംഗ്ലൂര്‍ ഹൈക്കോടതിയാണ് ഹരജി തള്ളിയത്.

ശനിയാഴ്ച യെദ്യൂരപ്പയോട് ഹാജരാകാന്‍ ലോകായുക്ത ജഡ്ജി സുധീന്ദ്ര റാവു ആവശ്യപ്പെട്ടിരുന്നെങ്കിലും കടുത്ത പനിയും ആരോഗ്യ പ്രശ്‌നങ്ങളും മൂലം നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

നിരവധി കേസുകളും കോടതിയുടെ സമന്‍സുകളും വന്നതോടെയാണ് യെദ്യൂരപ്പ മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്. രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയതിനെ തുടര്‍ന്ന് യെദ്യൂരപ്പ ചികിത്സ തേടിയിരിക്കുകയാണ്. ബന്ധുവിന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയെന്നതും മുഖ്യമന്ത്രിയായിരുന്ന കാലത്ത് അപ്പര്‍ ഭദ്ര ഇറിഗേഷന്‍ പദ്ധതിക്ക് കരാര്‍ നല്‍കിയതിലെ അഴിമതിയുമാണ് യെദിയൂരപ്പക്കെതിരെയുള്ള പ്രധാന കേസുകള്‍.