തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന്‍ വി.എ. അരുണ്‍കുമാറിന് ഉപലോകായുക്ത നോട്ടീസയച്ചു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയിന്മേലാണ് ഉപലോകായുക്ത ജി.ശശിധരന്‍ നോട്ടീസയച്ചത്.

ചോദ്യംചെയ്യലിനായി ഈ മാസം ഒമ്പതിന് ഹാജരാവാന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ഉള്‍പ്പടെ ഒമ്പത് ആരോപണങ്ങളാണ് അരുണ്‍കുമാറിനെതിരെയുള്ള പരാതിയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്.

അരുണ്‍കുമാര്‍ ചന്ദനമാഫിയയില്‍നിന്ന് പണം വാങ്ങിയെന്നും അതിനനുസൃതമായി ചന്ദനമാഫിയയോടുള്ള വി.എസ്സിന്റെ നിലപാടില്‍ മാറ്റം വന്നുവെന്നുമായിരുന്നു പ്രധാന ആരോപണം.

കയര്‍ഫെഡ് എം.ഡി ആയിരിക്കെ 13 തവണ വിദേശയാത്ര നടത്തുകയും കുപ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രത്തില്‍ പോകുകയും ചെയ്തു, ഐ.എച്ച്.ആര്‍.ഡിയില്‍ സ്ഥാനക്കയറ്റം സമ്പാദിച്ചു, കണ്ണൂരില്‍ വൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിന് അരുണ്‍ 75 കോടി രൂപ ചോദിച്ചെന്ന കെ.പി.പി.നമ്പ്യാരുടെ ആരോപണം എന്നിവയാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍.കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി 15 കോടി രൂപയുടെ അഴിമതി, ആലപ്പുഴയിലെ വിറ്റാമിന്‍ എ പ്ലാന്റ് വില്‍ക്കാന്‍ നീക്കം എന്നീ ആരോപണങ്ങളും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.