ബാംഗ്ലൂര്‍: രാജിവെച്ച കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് അനുമതി നല്‍കി. യെദ്യൂരപ്പയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ പോലീസിന് നിര്‍ദേശം നല്‍കി. കഴിഞ്ഞയാഴ്ച കര്‍ണാടക ലോകായുക്ത സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകായുക്ത അന്വേഷണറിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിയ്ക്കും ഗവര്‍ണര്‍ക്കും കൈമാറിയത്.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തില്‍ യെദ്യൂരപ്പ വന്‍തോതിലുള്ള അഴിമതി നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. യെദ്യൂരപ്പയും കുടുംബവും ഖനനമാഫിയകള്‍ക്കു കൂട്ടുനിന്നെന്നും ഇതിനായി കോടിക്കണക്കിന് രൂപ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. യെദ്യൂരപ്പയെ അഴിമതി നിരോധനനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

ലോകായുക്തയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന ബി.ജെ.പി ദേശീയ നേതൃത്വം യെദ്യൂരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നു.