ബാംഗളൂര്‍: കര്‍ണ്ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തി. സംസ്ഥാന സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തിയതായി ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ ഇന്നലെ ആരോപിച്ചു. സംസ്ഥാന മുഖ്യമന്ത്രിയടക്കം ആരോപണവിധേയനായ വിവിധ അഴിമതികേസുകള്‍ അന്വേിക്കുന്ന ഉദ്യോഗസ്ഥന്‍ കൂടിയാണ് ജസ്റ്റിസ് ഹെഗ്‌ഡെ.

ഏതാനും മാസങ്ങളായി തന്റെ ടെലിഫോണ്‍ ചോര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ എല്ലായ്‌പ്പോഴും ലോകായുക്തയ്‌ക്കെതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ക്കു തന്റെ ഒരു സ്വകാര്യസംഭാഷണം ചോര്‍ന്നുകിട്ടിയതുകൊണ്ടാണ് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു ഫോണ്‍ ചോര്‍ത്തല്‍ വ്യക്തമായതെന്ന് സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു.

Subscribe Us:

രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണു തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്. എന്നാല്‍ സ്ഥലങ്ങളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ജന്‍ ലോക്പാല്‍ ബില്‍ പൊതുജനപ്രതിനിധി കൂടിയായ ഹെഗ്‌ഡെയെ അനധികൃത ഖനനം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കെതിരേയുള്ള പരാമര്‍ശം ഒഴിവാക്കണമെന്ന് പറഞ്ഞ് ബി.ജെ.പി നേതാക്കള്‍ സമീപിച്ചിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ വി.എസ്. ആചാര്യ, വി.ധനഞ്ജയകുമാര്‍ തുടങ്ങിയവര്‍ തന്നേ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണു ഫോണ്‍ ചോര്‍ത്തിയെന്ന പുതിയ ആരോപണവുമായി ജസ്റ്റീസ് സന്തോഷ് ഹെഗ്‌ഡെ രെഗത്തെത്തിയത്.