തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള രണ്ടുഘട്ട തിരഞ്ഞെടുപ്പും അവസാനിച്ചതോടെ ഇനി വോട്ടെണ്ണലിനായുള്ള കാത്തിരിപ്പ്. കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ വോട്ടെണ്ണല്‍ 27ന് നടക്കും. കോഴിക്കോട് ജില്ലയിലെ വേളം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ 30ന് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ 31നാണ് വോട്ടെണ്ണല്‍. കേരളപ്പിറവി ദിനത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികള്‍ സ്ഥാനമേല്‍ക്കും.

രണ്ടുഘട്ട തിരഞ്ഞെടുപ്പും പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്താകെ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. ഏഴുജില്ലകളില്‍ തിങ്കളാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഉയര്‍ന്ന പോളിംഗ് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് വിവിധരാഷട്രീയപാര്‍ട്ടികള്‍ അവകാശപ്പെടുന്നത്.

വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിച്ചതിനാല്‍ വിവിധ കോര്‍പ്പറേഷനുകളിലെ വോട്ടിംഗ് നില ഉച്ചയോടെ അറിയാനാകും. ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണല്‍ വൈകിട്ടാകുമ്പോഴേക്ക് മാത്രമേ പൂര്‍ത്തിയാകു.