Categories

ആള്‍ക്കൂട്ട വിചാരണയ്ക്ക് പൊലീസിന്റെ കൂട്ട്; അഞ്ചലില്‍ ബന്ധു പീഡിപ്പിച്ചുകൊന്ന കുട്ടിയുടെ അമ്മയെ നാട്ടുകാര്‍ നാടുകടത്തി

 

അഞ്ചല്‍: അഞ്ചലില്‍ ലൈംഗിക പീഡനത്തിരയായ കുട്ടിയുടെ അമ്മയേയും ബന്ധുക്കളെയും നാടുകടത്തി. ദുര്‍നടപ്പുകാരെന്നാരോപിച്ചാണ് നാട്ടുകാരുടെ വിചാരണ. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും അമ്മയെ നാട്ടുകാര്‍ അനുവദിച്ചില്ല.

വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം. കുറവസമുദായത്തില്‍പ്പെട്ട ഏരൂര്‍ സ്വദേശികളാണിവര്‍.

മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാനും അനുവദിച്ചില്ല. പിന്നീട് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. പൊലീസ് നോക്കിനില്‍ക്കെയാണ് നാട്ടുകാരുടെ നടപടി. നാട്ടുകാര്‍ ബലമായി പിടിച്ചിറക്കുകയായികരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.


Also Read: കാറ്റലോണിയ ഹിതപരിശോധന അനുകൂലമെന്ന് വിമതര്‍; വാദം തള്ളി സ്പാനിഷ് സര്‍ക്കാരും


ജനപ്രതിനിധികളും തിരിഞ്ഞുനോക്കിയില്ലെന്നും തിരിച്ചുവന്നാല്‍ കൊല്ലുമെന്നാണ് നാട്ടുകാരുടെ ഭീഷണിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ചലില്‍ ഏഴുവയസുകാരിയെ അമ്മയുടെ സഹോദരി ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊന്നത്.

ട്യൂഷന്‍ സെന്ററിലേയ്ക്കു കൊണ്ടു പോകും വഴിയായിരുന്നു കുട്ടിയെ ബന്ധുവായ രാജേഷ് കൊലപ്പെടുത്തിയത്.മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നല്‍കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യാഴാഴ്ച കുളത്തൂപുഴ ആര്‍പി കോളനിയിലെ റബര്‍ എസ്റ്റേറ്റില്‍നിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Tagged with: