കോഴിക്കോട്: തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിന്റെ പ്രചാരണം കൊട്ടിക്കലാശിച്ചു . ശനിയഴ്ച തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴുജില്ലകളിലെ 510 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരണമാണ് ഇന്ന് അവസാനിച്ചത് .വിവിധ രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും തങ്ങളുടെ ശക്തി പരമാവധി തെളിയിച്ചാണ് പ്രചരണം അവസാനിപ്പിച്ചത്.

. പോളിങ് നിയന്ത്രിക്കുന്നതിനായി ഒന്നര ലക്ഷത്തോളം ഉദ്യോഗസ്ഥരെ വിനിയോടിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പി. കമാല്‍കുട്ടി അറിയിച്ചു. രണ്ടായിരത്തിനാനൂറിലേറെ പ്രശ്‌നബാധിത ബൂത്തുകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ 9238 വാര്‍ഡുകളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ ഒരുകോടി നാലുലക്ഷംപേരാണ് വോട്ടവകാശം വിനിയോഗിക്കുക. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ തലസ്ഥാന ജില്ലയില്‍ 23.68 ലക്ഷം പേര്‍. ഏറ്റവും കുറവ് വയനാട് 5.39 ലക്ഷം പേര്‍ മാത്രം. കൊല്ലത്ത് 19.05, പത്തനംതിട്ട 9.07, കോഴിക്കോട് 20.83, കണ്ണൂര്‍ 17.07, കാസര്‍കോഡ് 8.34 ലക്ഷം എന്നിങ്ങനെയാണ് വോട്ടര്‍മാര്‍. ഏറ്റവുംകൂടുതല്‍ ബൂത്തുകളും തിരുവനന്തപുരത്താണ് 3417. കുറവ് വയനാടും 909.

വോട്ടിംഗ് സമയം രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ്. അഞ്ചിന് ക്യൂവില്‍ നില്‍കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് തെ രഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എന്നാല്‍ ഏതെങ്കിലും ഒരു വോട്ടറില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടാം. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഒരു വര്‍ഷം മുന്‍പ് തുടങ്ങിയതും ഇപ്പോള്‍ നിലവിലുള്ളതുമായ, പ്രാഥമിക സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ്ബുക്ക് എന്നിവ ഉപയോഗിക്കാം.