തൃശൂര്‍: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഒരുമണിക്കൂര്‍ ലോഡ്‌ഷെഡിങ് ജനുവരിയോടെ രണ്ടുമണിക്കൂറാക്കാന്‍ ആലോചന. വൈദ്യുതോല്‍പ്പാദനത്തില്‍ റെക്കോഡ് കുറവ് രേഖപ്പെടുത്തിയ ഇക്കുറി വേനല്‍ രൂക്ഷമാകുന്നതോടെ മൂന്നുമണിക്കൂറോളം നിയന്ത്രണം വന്നേക്കാം.

Ads By Google

വന്‍കിട വ്യവസായങ്ങള്‍ക്കുള്ള പവര്‍കട്ട് 25ല്‍ നിന്ന് 50 ശതമാനമാക്കാനും നീക്കമുണ്ട്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുതി പദ്ധതിയായ ഇടുക്കിയില്‍ രണ്ട് മാസത്തെ വൈദ്യുതി ഉത്പാദനത്തിനുള്ള വെള്ളമേ ഉള്ളൂ. സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കേരളത്തിലെ വൈദ്യുതിനിലയങ്ങളുടെ സ്ഥാപിതശേഷി 2900 മെഗാവാട്ടാണെങ്കിലും ഉല്‍പ്പാദനം 2100 മാത്രമാണ്. ജലവൈദ്യുതി പദ്ധതികളില്‍ ശേഷിയുടെ മൂന്നിലൊന്ന് ഉത്പാദനമില്ല. 8.5 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഇപ്പോള്‍ പ്രതിദിനം ഉത്പാദനം. 15 ദശലക്ഷം യൂണിറ്റ് ശേഷിയുള്ള ഇടുക്കിയില്‍ ദിവസം മൂന്നുദശലക്ഷം യൂണിറ്റുമാത്രമെ ഉത്പാദനമുള്ളു.

കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 78 ദശലക്ഷം യൂണിറ്റ് ഉത്പാദനം നടന്നിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ രണ്ടുമാസം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെളളം ഒഴുക്കിക്കളഞ്ഞതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

മൂഴിയാര്‍, കുറ്റിയാടി, പള്ളിവാസല്‍, നേര്യമംഗലം, ലോവര്‍പെരിയാര്‍ ജലവൈദ്യുതി നിലയങ്ങളിലും സ്ഥിതി മെച്ചമല്ല. ദിവസം അഞ്ച് കോടി രൂപ ചെലവില്‍ ഏഴു ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇപ്പോള്‍ പുറമെനിന്ന് വാങ്ങുന്നു. 24 ദശലക്ഷം യൂണിറ്റാണ് കേന്ദ്രവിഹിതമായി ലഭിക്കുന്നത്. കായംകുളം അടക്കം താപപദ്ധതികളില്‍നിന്ന് ഒമ്പത് ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുന്നു.

യു.ഡി.എഫ് അധികാരത്തില്‍വന്നശേഷം രണ്ടുതവണ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. സര്‍ചാര്‍ജും ഫിക്‌സഡ് ചാര്‍ജുമായി വൈദ്യുതിബില്‍ ഇരട്ടിയായി.