തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ എല്‍ എല്‍ ബി മാര്‍ക്ക് തിരിമറിയെച്ചൊല്ലി പ്രതിപക്ഷം തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതു സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു ഇറങ്ങിപ്പോക്ക. ഇന്നലെ വിഷയം ഉന്നയിച്ച പി സി വിഷ്ണുനാദ് എം എല്‍ എ തന്നെയാണ് ഇന്നും അടിയന്ചിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

മാര്‍ക്ക് തിരിമറി സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി നിയമസഭയെ അറിയിച്ചു. മാര്‍ക്ക് തിരിമറി സംബന്ധിച്ച രേഖകള്‍ ഫോറന്‍സിക് പരിശോധന നടത്തുന്നുണ്ട്. സര്‍വ്വകലാശാലക്ക് കുറ്റക്കാരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

പ്രശ്‌നം പുറത്ത് നിന്നുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. ഇന്നലെ പ്രതിപക്ഷം അടിയന്തിരപ്രമേയമായി വിഷയം സഭയില്‍ ഉന്നയിച്ചിരുന്നെങ്കിലും മറുപടി പറയാന്‍ മന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ അവര്‍ ഇറങ്ങിപ്പോയിരുന്നു.