ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ ആത്മഹത്യാ ത്വര പ്രകടിപ്പിക്കുന്നതായി ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍മാന്‍ എല്‍.കെ. അഡ്വാനി. 2ജി ഉള്‍പ്പെടെയുള്ള അഴിമതികളും റാഡിയ, സിവിസി, കള്ളപ്പണ പ്രശ്‌നങ്ങളുമൊക്കെ കാണുമ്പോള്‍ ഇത്തരത്തില്‍ ചിന്തിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ അസാധാരണ സ്വാധീനമുണ്ടായിരുന്ന മഹാത്മാഗാന്ധി പോലും ഒരിക്കല്‍ മാത്രമാണ് പാര്‍ട്ടി അധ്യക്ഷപദം അലങ്കരിച്ചത്. ആ സമയത്തുവരെ വര്‍ഷം തോറും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുമായിരുന്നു. ഇന്നതൊക്കെ മാറി. കോണ്‍ഗ്രസ് അധ്യക്ഷപദം ആജീവനാന്ത കുടുംബ കുത്തകയായെന്ന രീതിയിലാണ് ഇന്നത്തെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

1980കളിലും താനിതുപോലൊരു പ്രഖ്യാപനം നടത്തിയിരുന്നു. ആ സമയത്തെ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ജനതാ പാര്‍ട്ടിയില്‍ പ്രകടമായ ശൈഥില്യത്തെയും താന്‍ ആത്മഹത്യാ ത്വരയായി വിശേഷിപ്പിച്ചിരുന്നതായി അഡ്വാനി ബ്ലോഗ് ലേഖനത്തില്‍ അനുസ്മരിച്ചു.