എഡിറ്റര്‍
എഡിറ്റര്‍
കുമരകം റിസോര്‍ട്ടില്‍ സസ്യാഹാരം കഴിച്ച് അദ്വാനി; കോഴിക്കറിയും മട്ടന്‍ ബിരിയാണിയും ആസ്വദിച്ച് മകളും കുടുംബാംഗങ്ങളും
എഡിറ്റര്‍
Friday 9th June 2017 9:41am

കോട്ടയം: കുമരകം സന്ദര്‍ശിക്കാനെത്തിയ മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനിക്കായി സ്വകാര്യ റിസോര്‍ട്ടില്‍ ഒരുക്കിയത് സസ്യാഹാരം. പച്ചക്കറി വിഭവങ്ങളും തയ്യാറാക്കിയിരുന്നെങ്കിലും വളരെ ലളിതവും മിതവുമായ ഭക്ഷണമായിരുന്നു അദ്ദേഹത്തിന്റേത്.

അതേസമയം മകളും മറ്റുള്ളവരും മീന്‍, ഇറച്ചിവിഭവങ്ങളും കഴിച്ചു.

റിസോര്‍ട്ടില്‍ സൗകര്യങ്ങളും വിഭവങ്ങളുമേറെയുണ്ടായിരുന്നെങ്കിലും സാധാരണക്കാരായ മറ്റു വിനോദസഞ്ചാരികള്‍ക്കൊപ്പം ഇവര്‍ സമയം ചെലവിട്ടു.


Dont Miss സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് നേരെ ബോംബേറ്; പിന്നില്‍ ആര്‍.എസ്.എസെന്ന് സി.പി.ഐ.എം; ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ 


വ്യാഴാഴ്ച രാവിലെ ഒന്‍പതരയോടെ മകള്‍ പ്രതിഭയ്ക്കും സംഘാംഗങ്ങള്‍ക്കുമൊപ്പം അദ്വാനി റിസോര്‍ട്ടിന്റെ റെസ്റ്റോറന്റിലെത്തിയത്.

ബുഫെ രീതിയിലുള്ള പ്രഭാതഭക്ഷണമായിരുന്നു അദ്വാനിക്കായി തയ്യാറാക്കിയത്. അദ്വാനി അപ്പവും സ്റ്റൂവും കുറച്ച് പഴങ്ങളും കഴിച്ചു. കൂടെയുള്ള സഹായി നല്‍കുന്ന ഉത്തരേന്ത്യന്‍ ലഘുഭക്ഷണവും കഴിച്ചു.

ഉച്ചഭക്ഷണത്തിനായി സൂപ്പും പച്ചക്കറി സാലഡുമായിരുന്നു ഒരുക്കിയിരുന്നത്. മകളും സംഘാംഗങ്ങളും മത്സ്യം, ഉരുളക്കിഴങ്ങ് വിഭവം, കോഴിക്കറി, മലബാര്‍ മട്ടണ്‍ ബിരിയാണി എന്നിവ കഴിച്ചു.

അദ്വാനിയുടെ കാലുകള്‍ക്ക് ആയുര്‍വേദ തിരുമ്മുചികിത്സ നടത്താന്‍ വേണ്ടിക്കൂടിയാണ് അദ്ദേഹം എത്തിയത്. ഭക്ഷണത്തിനുശേഷം പ്രകൃതിഭംഗി ആസ്വദിക്കാനും മറ്റു സഞ്ചാരികളെ പരിചയപ്പെടാനും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും അദ്ദേഹം തയ്യാറായി.

മകള്‍ പ്രതിഭ, സുഹൃത്ത് അഹൂജ, അഹൂജയുടെ ഭാര്യ, അവരുടെ മകന്‍, പേഴ്സണല്‍ സെക്രട്ടറി ദീപക് ചോപ്ര, അദ്ദേഹത്തിന്റെ ഭാര്യ, അദ്വാനിയുടെ ഡോക്ടറായ രാജീവ് മോഹന്‍, സഹായി ഭവാനി ദത്ത് എന്നിവരാണ് ഒപ്പമുള്ളത്.

നീന്തല്‍ക്കുളമുള്ള അഞ്ച് മുറികളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയവര്‍ താമസിച്ചിട്ടുള്ള മുറികളാണിത്.

വൈകീട്ട് അദ്ദേഹത്തിനായി കഥകളി അവതരിപ്പിച്ചു. ഞായറാഴ്ചയാണ് അദ്ദേഹം കൊച്ചിയിലേക്ക് പോകുന്നത്. അവിടെ മൂന്നുദിവസം താമസിക്കും.

ഇസഡ് പ്ളസ് സുരക്ഷാസംവിധാനങ്ങളാണ് എല്‍.കെ. അദ്വാനിക്കായി റിസോര്‍ട്ടിനകത്തും പുറത്തും ഒരുക്കിയിരിക്കുന്നത്. എട്ട് എന്‍.എസ്.ജി. കമാന്‍ഡോകളും 12 പോലീസ് കമാന്‍ഡോകളും അദ്ദേഹത്തിനൊപ്പമുണ്ട്. ഇതിനുപുറമെ ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ മുന്നൂറ് പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Advertisement