ന്യൂദല്‍ഹി: ബാബറി മസ്ജിദ് കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെ 21 പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസില്‍ അദ്വാനിയെയും മറ്റ് 20 പേരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള സി.ബി.ഐയുടെ ഹരജിയെ തുടര്‍ന്നാണിത്.

സംഘ്പരിവാര്‍ നേതാക്കളായ മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, അശോക് സിംഗാള്‍, വിനക് കത്യാര്‍, ബാല്‍ താക്കറെ തുടങ്ങിവര്‍ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രിമിനല്‍  ഗൂഢാലോചനയില്‍ അദ്വാനിക്കും മറ്റ് ഇരുപതുപേര്‍ക്കും പങ്കുണ്ടെന്ന് സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനല്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് കണ്ടെത്തി 2010 മെയ് 20ന് അലഹബാദ് ഹൈക്കോടതി അദ്വാനിയുള്‍പ്പെടെ 21 പേരെ വിട്ടയച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്.