എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം യു.പി.എ സര്‍ക്കാര്‍ ‘ജാരസന്തതി’യെന്ന് അദ്വാനി: പാര്‍ലമെന്റില്‍ ബഹളം
എഡിറ്റര്‍
Wednesday 8th August 2012 1:41pm

ന്യൂദല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിനെതിരായ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ പ്രസ്താവന ലോക്‌സഭയില്‍ ബഹളത്തിനിടയാക്കി. രണ്ടാം യു.പി.എ സര്‍ക്കാര്‍ ‘ജാരസന്തതി’യാണെന്നായിരുന്നു അദ്വാനിയുടെ പ്രസ്താവന. 

Ads By Google

പ്രസ്താവനയെ കോണ്‍ഗ്രസ് അംഗങ്ങളെല്ലാം ഒറ്റക്കെട്ടായി എതിര്‍ത്തു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ശക്തമായാണ് ഇതിനെതിരെ പ്രതികരിച്ചത്.

ആസാം കലാപവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയം അവതരിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്വാനി. കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് തന്റെ പ്രസ്താവന അവിശ്വാസ വോട്ടെടുപ്പിനെക്കുറിച്ചായിരുന്നെന്ന് അദ്വാനി തിരുത്തി. 2009ലെ തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല താന്‍ പരാമര്‍ശിച്ചത്. അവിശ്വാസ വോട്ടെടുപ്പ് സമയത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയ കാര്യമാണ് സൂചിപ്പിച്ചത്. ‘ജാരസന്തതി’ എന്ന വാക്ക് തന്റെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ആസാം കലാപം വര്‍ഗീയ സംഘര്‍ഷമല്ല, ഇന്ത്യക്കാരും വിദേശികളും തമ്മിലുള്ള പ്രശ്‌നമാണെന്നും അദ്വാനി സഭയില്‍ പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ആസാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കലാപത്തിന്റെ അടിസ്ഥാന കാരണം ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ്. ആസാമിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. സഭാ നടപടികള്‍ രണ്ട് മണിക്ക് തുടരും.

നേരത്തെ ആസാമിലെ സംഘര്‍ഷം ഉന്നയിച്ചുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ ലോക്‌സഭാ നടപടികള്‍ തടസപ്പെട്ടിരുന്നു. രാവിലെ 11 ന് സഭ സമ്മേളിച്ച ഉടന്‍ സ്പീക്കര്‍ മീരാകുമാര്‍ നടപടികളിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം ബഹളം വെയ്ക്കുകയായിരുന്നു. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് എംപി എസ്.കെ. ബിസ്മുത്യാരിയാണ് വിഷയം ഉന്നയിച്ചത്. ബി.ജെ.പി അംഗങ്ങള്‍ പിന്തുണയുമായി എത്തിയതോടെ അന്തരീക്ഷം ബഹളമയമാകുകയായിരുന്നു.

പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ സ്പീക്കറുടെ ചേമ്പറിനടുത്ത് എത്തി. ഇതിനിടെ തെലുങ്കാന സംസ്ഥാന രൂപീകരണ വിഷയമുന്നയിച്ച് ഈ മേഖലയിലെ എം.പിമാരും രംഗത്തെത്തി. തുടര്‍ന്ന് ആസാം കലാപത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ട് സ്പീക്കര്‍ 12 മണിവരെ സഭ നിര്‍ത്തിവെച്ചു.

Advertisement