തിരുവനന്തപുരം: തന്റെ ജനചേതനയാത്ര കടന്നുപോകുന്ന വഴിയില്‍ നിന്ന് ബോംബ് കണ്ടെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി. ബോംബ് കണ്ടെടുത്ത തമിഴ്‌നാട് പോലീസിനെ അദ്ദേഹം അഭിനന്ദിച്ചു.

പ്രതികളെ പിടികൂടണമെന്നും അദ്വാനി ആവശ്യപ്പെട്ടു. മധുരയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ തിരുമംഗലത്തെ ഒരു പാലത്തിനടിയല്‍ ഒളിപ്പിച്ചു വച്ച നിലയില്‍ അഞ്ച് പൈപ്പ് ബോംബുകളാണ് കണ്ടെടുത്തത്. തമിഴ്‌നാട്ടിലും കേരളത്തിലും യാത്രയ്ക്ക് കിട്ടിയ സ്വീകരണത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്വാനി പറഞ്ഞു.

Subscribe Us:

കോണ്‍ഗ്രസ് അഴിമതിയില്‍ മുങ്ങി. കേന്ദ്രമന്ത്രിസഭയിലെ ഒരംഗം ജയിലിലാണ്. അഴിമതി ഇന്ത്യയ്ക്ക് നാണക്കേടായിരിക്കുകയാണ്. അഴിമതിക്കു പിന്തുണ നല്‍കിയ കോണ്‍ഗ്രസുകാരായ കേന്ദ്രമന്ത്രിമാരുടെ പങ്ക് സി.ബി.ഐ അന്വേഷിക്കണം. ഘടകകക്ഷി മന്ത്രിമാരെ പ്രതികളാക്കി കോണ്‍ഗ്രസ് അങ്ങനെ രക്ഷപെടാമെന്നു കരുതേണ്ടെന്നും അദ്വാനി പറഞ്ഞു.

അഴിമതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായ നടപടിയെടുത്തില്ല. തെലങ്കാന പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടാണെന്നും അഡ്വാനി പറഞ്ഞു. സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി ഭരിക്കുമ്പോള്‍ രാജ്യത്ത് വിലക്കയറ്റവും കര്‍ഷക ആത്മഹത്യയും കൂടുകയാണ്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രശ്‌നമുണ്ടാകില്ല. ജമ്മു കശ്മീരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം പിന്‍വലിക്കരുതെന്ന് അദ്വാനി ആവശ്യപ്പെട്ടു. ജനചേതനാ യാത്രയുടെ ഭാഗമായി കേരളത്തിലെത്തിയ അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് യാതൊരു കേടുപാടും പറ്റാതെ സൂക്ഷിച്ച രാജകുടുംബാംഗങ്ങള്‍ ഉയര്‍ന്ന ധാര്‍മിക മൂല്യമുള്ളവരാണെന്ന് അദ്വാനി പറഞ്ഞു.

malayalam news