ന്യൂദല്‍ഹി: ജന്തര്‍ മന്ദറില്‍വെച്ച് രാഷ്ട്രീപ്രവര്‍ത്തക ഉമാഭാരതിയെ അണ്ണ ഹാസരെയുടെ അനുയായികള്‍ അപമാനിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പ്രതിഷേധം രേഖപ്പെടുത്തി. സാമൂഹ്യപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവരുടെ ഇത്തരത്തിലുള്ള പെരുമാറ്റം ജനാധിപത്യത്തിന് അപമാനമാണെന്നും അദ്വാനി തന്റെ ബ്ലോഗില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയക്കാര്‍ ജനാധിപത്യത്തെ അപമാനിക്കുന്നു എന്ന ധാരണയാണ് ചില സാമുഹ്യനേതാക്കള്‍ക്കുള്ളത്. ഇത് ശരിയല്ല. ബാബ രാംദേവിനും അണ്ണ ഹസാരെയ്ക്കും ഇത്തരത്തിലുള്ള ധാരണയാണുള്ളത്. ഹസാരെ നിരാഹാരം നടത്തുന്ന ജന്തര്‍ മന്ദറില്‍ നിന്ന് ഉമാ ഭാരതിയെ ഇറക്കിവിട്ടത് ശരിയായില്ല- അദ്വാനി ബ്ലോഗില്‍ എഴുതുന്നു.

ലോക്പാല്‍ ബില്ലിനായി നിരാഹാരം നടത്തുന്ന ഹാസരെയെ കാണാനായിട്ടായിരുന്നു ഉമാ ഭാരതി ജന്തര്‍ മന്ദറിലെത്തിയത്. എന്നാല്‍ ഹസാരെയുടെ അനുയായികള്‍ ഉമാ ഭാരതിയെ തടയുകയായിരുന്നു. എന്നാല്‍ പിന്നീട് ഹസാരെ ഉമാഭാരതിയോട് ഖേദം പ്രകടിപ്പിച്ചിരുന്നു.