ലക്‌നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബി ജെ പി നേതാവ് എല്‍ കെ അദ്വാനിക്കെതിരെ പ്രധാനസാക്ഷിയുടെ മൊഴി. സംഭവ സമയം അദ്വാനി മസ്ജിദ് പരിസരത്തുണ്ടായിരുന്നെന്നും കര്‍സേവകര്‍ക്ക് ആവേശം പകര്‍ന്നുവെന്നുമാണ് ഐ പി എസ് ഉദ്യോഗസ്ഥ അഞ്ജു ഗുപ്ത റായ്ബറേലിയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ മൊഴി നല്‍കിയത്.

1992 ഡിസംബര്‍ ആറിന് പള്ളിപൊളിക്കപ്പെട്ടപ്പോള്‍ സംഭവസ്ഥലത്തിനടുത്ത് അദ്വാനി ഉണ്ടായിരുന്നുവെന്നും അദ്വാനി പ്രകോപനപരമായി പ്രസംഗിച്ചുവെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. .പളളി തകര്‍ക്കപ്പെടുന്നതിന് മുമ്പായി ബി ജെ പി നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നെന്നും മൊഴിയില്‍ പറയുന്നു. സംഭവ സമയത്ത് അദ്വാനിയുടെ സുരക്ഷാ ചുമതല അഞ്ജു ഗുപ്തക്കായിരുന്നു.

എല്‍ കെ അദ്വാനി അടക്കമുള്ള ഏട്ട് പ്രതികള്‍ പള്ളിപൊളിക്കപ്പെടുന്നത് തടഞ്ഞില്ലെന്ന പ്രോസിക്യൂഷന്‍ ആരോപണത്തിലെ സി ബി ഐയുടെ പ്രധാന സാക്ഷിയാണ് അഞ്ജു. ഇപ്പോള്‍ റോയില്‍ ഉദ്യോഗസ്ഥയായ അവര്‍ കേസിലെ കേസിലെ ഒന്‍പതാം സാക്ഷിയാണ്.

92 ല്‍ എ എസ് പി ആയിരുന്ന അഞ്ജുവിനായിരുന്നു, ബാബറി പള്ളിയിലേക്ക് നടത്തിയ രാംകഥാ കുഞ്ജ് മാര്‍ച്ചിന്റെ സുരക്ഷാ ചുമതല. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍, ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, സന്യാസിനി റിതംബര എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.
വിനയ് കത്യാര്‍, ഉമാഭാരതി, റിതംബര എന്നിവരും പ്രകോപനപരമായി സംസാരിച്ചു. പള്ളി നില്‍ക്കുന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നാണ് അദ്വാനിയും മറ്റ് സംഘപരിവാര്‍ നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്. ഇത് പള്ളി തകര്‍ത്തവര്‍ക്ക് ആവേശം നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പള്ളി പൊളിക്കപ്പെട്ടപ്പോള്‍ അദ്വാനി അടക്കമുള്ള നേതാക്കള്‍ ആഹ്‌ളാദ പ്രകടനം നടത്തിയെന്നും കര്‍സേവകരെ തടയാന്‍ ഒന്നും ചെയ്തില്ലെന്നും അവര്‍ നേരത്തേ സി ബി ഐക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടു പ്രതികള്‍ക്കും എതിരെ ക്രിമിനല്‍ ഗൂഡാലോചനക്ക് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ ക്രിമിനല്‍ ഗൂഡാലോചനയെന്ന ഗുരുതരമായ ആരോപണം 2003 ല്‍ സി ബി ഐ കോടതി തള്ളുകയും അദ്വനിയെ കുറ്റവിമുക്തനാക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സമുദായ അക്രമം പ്രചരിപ്പിക്കല്‍, കലാപം തുടങ്ങിയ കുറ്റങ്ങളുടെ അടിസ്ഥാനത്തില്‍ വിചാരണ തുടങ്ങാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.