ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവുംവലിയ ആശുപത്രികളിലൊന്നായ എയിംസിലെ രോഗികള്‍ ദുരിതത്തില്‍. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രോഗികള്‍ കിടക്കാനിടമില്ലാതെ വലയുകയാണ്. ദിനംപ്രതി പതിനായിരക്കണക്കിന് രോഗികള്‍ ഇവിടെ ചികില്‍സാവിധേയരാവുന്നുണ്ട്. 323 ശസ്ത്രക്രിയകള്‍ ദിവസേന നടക്കുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ പുറമെ നിരവധി പേര്‍ ഇവിടെ ചികില്‍സയ്ക്കായി കാത്തിരിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്കൊപ്പംവന്ന് തങ്ങളുടെ ഊഴം കാത്തിരിക്കുന്ന ഇവര്‍ക്ക് ഏകദേശം 50,000 രൂപ ദിവസച്ചെലവിനായി മാറ്റിവെയ്‌ക്കേണ്ടി വരുന്നു. ചെലവേറിയ ചികില്‍സയ്ക്കുള്ള പണം തികയാത്തതിനാല്‍ പലരും ആശുപത്രിമുറിയില്‍ പരിധിയില്‍കവിഞ്ഞ വാടകയ്ക്ക് താമസിക്കുന്നു. അടിയന്തിരമല്ലാത്ത പല ശസ്ത്രക്രിയകള്‍ക്കും രോഗികള്‍ ദിവസങ്ങളോളം അല്ലെങ്കില്‍ വര്‍ഷങ്ങളോളമാണ് തങ്ങളുടെ ഊഴവും കാത്തിരിക്കുന്നത്. ദിവസങ്ങളോളം അല്ലെങ്കില്‍ ഒരുപക്ഷേ ആഴ്ചകളോളം നീളുന്ന കാത്തിരിപ്പിന് പണമില്ലാത്തതിനാല്‍ ഇവരില്‍ പലരും വീട്ടിലേക്ക് തിരിച്ചുപോകുന്നു.

കൈയില്‍ ഒരു ചില്ലിക്കാശുപോലും എടുക്കാനില്ലാത്തവരുടെ അവസ്ഥ ഇതിലും കഷ്ടപ്പാടമാണ്. പലപ്പോഴും സബ് വേകളിലും ഫ്‌ളൈ ഓവറുകള്‍ക്ക് താഴെയും നടപ്പാതകളിലും മരങ്ങള്‍ക്കു താഴെയും ഇക്കൂട്ടര്‍ കാത്തിരിക്കുന്നു. ചിലര്‍ ആശുപത്രിയില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന മൂത്രപ്പുരകളിലാണ് താമസിക്കുന്നത്.

ഹൃദയ വാല്‍വിനുള്ള ശസ്ത്രക്രിയയ്ക്കാണ് 45 കാരിയായ രാംരതി ഉത്തര്‍പ്രദേശില്‍നിന്നും ദല്‍ഹിയിലെത്തിയത്. ശസ്ത്രക്രിയയ്ക്കായുള്ള രണ്ടാഴ്ച നീണ്ട കാത്തിരിപ്പില്‍ ആശുപത്രിയിലെ മൂത്രപ്പുരയാണ് അവര്‍ താമസിക്കാനായി തിരഞ്ഞെടുത്തത്.

രക്താര്‍ബുദത്തിന് ചികില്‍സ തേടി വന്ന 25 കാരിയായ ഹേമ കുമാരിയും അവളുടെ ഭര്‍ത്താവും ആശുപത്രിയിലെത്തിയ ആദ്യദിവസങ്ങളില്‍ ഒ.പി ഡിപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള മരച്ചുവട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടം സുരക്ഷിതമല്ലെന്നുകണ്ട് രണ്ടാഴ്ച മുമ്പ് ഇവര്‍ പുരുഷന്‍മാരുടെ മൂത്രപ്പുരയിലേക്ക് മാറി. ‘മരച്ചുവട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ സുഖം ഇവിടെയാണ്, ഒന്നുമില്ലെങ്കിലും ഞങ്ങള്‍ക്കുചുറ്റും നാലു ചുമരുകളെങ്കിലുമുണ്ടല്ലോ’-കുമാരി പറയുന്നു.