മാഡ്രിഡ്: മാക്‌സി റോഡ്രിഗസിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ലിവര്‍പൂള്‍ ഫുള്‍ഹാമിനെ തകര്‍ത്തു. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയം നേടിയത്.

കളിയാരംഭിച്ച് 32 സെക്കന്‍ഡായപ്പോഴേക്കും റോഡ്രിഗസ് തന്റെ ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് മിനുറ്റുകള്‍ക്കുള്ളില്‍ തന്നെ താരം രണ്ടാം ഗോളും നേടി. ലിവര്‍പൂളിന്റെ മൂന്നാംഗോള്‍ ഹോളണ്ട് മധ്യനിര താരം ഡിര്‍ക് കുയ്റ്റിന്റെ വകയായിരുന്നു. എന്നാല്‍ മൗസ ഫുള്‍ഹാമിനായി ഒരുഗോള്‍ മടക്കി.

മികച്ച ഒരു ഗ്രൗണ്ട് ഷോട്ടിലൂടെയാണ് റോഡ്രിഗസ് തന്റെ ഹാട്രിക് നേടിയത്. ലൂയി സുവാരിസ് ആണ് ടീമിന്റെ അഞ്ചാംഗോള്‍ സ്വന്തമാക്കിയത്. വിജയത്തോടെ യൂറോപ്പ ലീഗില്‍ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ ടീമിനായി.