ലണ്ടന്‍: അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ അവസാന നാളുകളില്‍ അദ്ദേഹത്തിന്റെ കുട്ടികളോട് നന്നായി ജീവിക്കാനും നല്ല വിദ്യാഭ്യാസം നേടാനുമുള്ള ഉപദേശം നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ സക്കരിയ അല്‍ സദഹ് വ്യക്തമാക്കി.

ഇദ്ദേഹത്തിന്റെ സഹോദരിയെയാണ് ഒസാമ ബിന്‍ലാദന്‍ അഞ്ചാമതായി വിവാഹം ചെയ്തത്. അദ്ദേഹം തന്റെ മക്കളെ ഒരിക്കലും അദ്ദേഹത്തിന്റെ വഴി തിരഞ്ഞെടുക്കാന്‍ ഉപദേശിച്ചിരുന്നില്ലെന്നും സദഹ് പറഞ്ഞു.

‘ നിങ്ങള്‍ ഇവിടെ ജീവിക്കരുത് യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ പോകണം,അവിടെ നിങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കും നന്നായി ജീവിക്കാന്‍ കഴിയും’.- സദഹ് വ്യക്തമാക്കി. 24 കാരനായ സദഹ് മാധ്യമ വിദ്യാര്‍ത്ഥിയാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ കുട്ടികളെ കുറിച്ച് കഴിഞ്ഞ ഒമ്പതുമാസമായി വിവരമില്ലെന്നും സദഹ് പറഞ്ഞു. ‘അവര്‍ ഇപ്പോള്‍ അബാട്ടാബാദിലാണെന്നാണ് അറിഞ്ഞത്. അവിടെ അവര്‍ക്ക് നന്നായി ജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അമേരിക്ക നടത്തിയ ആക്രമണത്തില്‍ തന്റെ സഹോദരി പുത്രിയായ സാഫിയയ്ക്കും സഹോദരിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തിന്റെ കുട്ടികളില്‍ പലര്‍ക്കും അന്നത്തെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഒസാമയുടെ കുട്ടികളെ പാക്കിസ്ഥാനില്‍ നിന്നും യമനിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പാക്കിസ്ഥാനിലെ ഭരണാധികാരികള്‍ അതിന് അനുവദിക്കില്ലെന്നും സദഹ് വ്യക്തമാക്കി. ‘തങ്ങളുടെ അച്ഛന്‍ ചെയ്ത കുറ്റമെന്തെന്നോ അതിന്റെ കാഠിന്യം എത്രയെന്നോ അവര്‍ക്കറിയില്ല. ചെയ്യാത്ത തെറ്റിന് അവര്‍ പീഡിപ്പിക്കപ്പെടുകയാണ്. അവര്‍ക്ക് ഒരിക്കലും ഒരു നല്ല ജീവിതം ലഭിക്കില്ല. സൂര്യപ്രകാശം പോലും ലഭിക്കാതെ ജീവിക്കാനാണ് അവരുടെ വിധി.’- സദഹ് വ്യ്ക്തമാക്കി

Malayalam News

Kerala News In English