ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ നിരക്ഷരര്‍ കഴിയുന്നത് ഇപ്പോഴും ഇന്ത്യയിലെന്ന് യുനിസെഫ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയില്‍ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്കിന്റെ നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് മൊത്തം പ്രായപൂര്‍ത്തിയായ 759 മില്ല്യണ്‍ പേരാണ് നിരക്ഷരരായുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ കഴിയുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ നിരക്ഷരരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളാണ്.

ബംഗ്ലാദേശ്, ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലാണ് നിരക്ഷരരില്‍ പകുതിയുമുള്ളത്. നിരക്ഷരത മറികടക്കാനുള്ള ശ്രമങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നതെന്നും ഇത് വികസന ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന് സംശയമുണ്ടെന്നും യുനെസ്‌കോ പറയുന്നു.

സാമ്പത്തിക മാന്ദ്യം വിദ്യാഭ്യാസത്തെയും ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ഫണ്ടുകള്‍ വെട്ടിക്കുറക്കുന്നു. 1985-1994 കാലയളവില്‍ ഇന്ത്യയില്‍ പകുതി പേരും നിരക്ഷരരായിരുന്നു. എന്നാല്‍ ഇപ്പോഴത് മൂന്നിലൊന്നായി ചരുങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ 45 ശതമാനം വളര്‍ച്ചയാണിത് കാണിക്കുന്നത്. ഈ മാറ്റം ശുഭകരമാണെന്നും ബുധനാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.