എഡിറ്റര്‍
എഡിറ്റര്‍
ശിക്ഷായിളവ്; സര്‍ക്കാര്‍ പട്ടികയില്‍ കിര്‍മാണി മനോജും കൊടി സുനിയുമുള്‍പ്പടെയുള്ള ടി.പി വധക്കേസ് പ്രതികളും
എഡിറ്റര്‍
Thursday 23rd February 2017 9:04am


തിരുവനന്തപുരം: ശിക്ഷായിളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയവരുടെ പട്ടികയില്‍ ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും കല്ലുവാതുക്കല്‍ മദ്യ ദുരന്തകേസിലെ പ്രതിയായ മണിച്ചനും. കുപ്രസിദ്ധമായ കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിനും കണിച്ചുകുളങ്ങര വധക്കേസിലെ പ്രതികളുമുണ്ട് പട്ടികയില്‍. 1850 പേരുടെ ശിക്ഷ ഇളവ് ചെയ്യാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദ്ദേശം. എന്നാല്‍ ഗവര്‍ണര്‍ ഫയല്‍ മടക്കി അയച്ചതോടെ ശ്രമം പാളുകയായിരുന്നു.

ടി.പി വധക്കേസിലെ പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, സിജിത്ത്, കെ.ഷിനോജ് എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. തിരുവനന്തപുരം, വിയ്യൂര്‍ ജയിലുകളിലായാണ് ഇവരിപ്പോള്‍ കഴിയുന്നത്.

നെട്ടുകാല്‍ത്തേരി ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മണിച്ചന് നേരത്തെ തന്നെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരുന്നെങ്കിലും ജയില്‍ ഉപദേശക സമിതിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു. മണിച്ചന്റെ സഹോദരനായ വിനോദിന്റെ പേരും പട്ടികയിലുണ്ട്.

ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസിലെ പ്രതിയായ കാരണവരുടെ മരുമകള്‍ ഷെറിനും പട്ടികയിലുണ്ട്. ഉന്നതതല സമിതിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പാണ് പട്ടിക തയ്യാറാക്കിയത്.
ജയില്‍വകുപ്പ് നല്‍കിയ 2262 പേരുടെ പട്ടികയില്‍ നിന്നുമാണ് 1850 പേരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ നിര്‍ദ്ദേശം പ്രകാരം ഇളവ് നല്‍കാന്‍ ഓരോ കേസും വിശദമായി പരിശോധിക്കണം, തടവുകാരുടെ മനപരിവര്‍ത്തനം, നല്ലനടപ്പ് തുടങ്ങിയവും പരിശോധിക്കും.

എന്നാല്‍ പട്ടിക തയ്യാറാക്കവെ ഈ കാര്യങ്ങള്‍ കണക്കിലെടുത്തോ എന്ന സംശയത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ പി.സദാശിവം സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഗുണ്ടാനിയമം ചുമത്തപ്പെട്ട ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ഉള്‍പ്പടെ 150 പേരെ ഒഴിവാക്കിയാണ് അന്തിമപട്ടിക രാജ്ഭവനിലേക്ക് അയച്ചത്. 80 വയസ്സുകഴിഞ്ഞ 20 തടവുകാരുടെ മോചനം പ്രതിസന്ധിയിലായെന്നും വിമര്‍ശനമുണ്ട്.

Advertisement