നെറ്റില്‍ നിന്ന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുന്നു. ദക്ഷിണേന്ത്യന്‍ മ്യൂസിക് കമ്പനികളുടെ സംഘടനയായ സിംകയാണ് സെല്‍മ്യൂസിക് എന്നുപേരിട്ട ലൈസന്‍സിങ് ഏര്‍പ്പെടുത്തുന്നത്. പുതിയ സമ്പ്രദായം നിലവില്‍ വരുന്നതോടെ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങള്‍ നിശ്ചിത തുക നല്‍കി ലൈസന്‍സ് എടുക്കേണ്ടിവരും.

സംഗീത ഫയലുകള്‍ ഇന്റര്‍നെറ്റില്‍നിന്നും മൊബൈല്‍ ഫോണിലേക്കു പകര്‍ത്തി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സിങ് സമ്പ്രദായം വരുന്നത്. പ്രതിമാസം 1250 രൂപയാണ് ലൈസന്‍സ് നിരക്ക്. ലൈസന്‍സ് എടുക്കാതെ ഡൗണ്‍ലോഡിങ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 1957 ലെ പകര്‍പ്പവകാശ ചട്ടപ്രകാരം നിയമനടപടികള്‍സ്വീകരിക്കും. ലൈസന്‍സിങ് വഴി സമാഹരി ക്കുന്ന തുക സംഗീത കമ്പനികള്‍ക്കും സംഗീതജ്ഞര്‍ക്കുമായി നല്‍കും. തമിഴ്‌നാട്ടില്‍തുടക്കം കുറിച്ച സെല്‍മ്യൂസിക് ലൈസന്‍സിങ് മൂന്നു മാസത്തിനുശേഷം കേരളത്തിലേക്കും വ്യാപിപ്പിക്കാനാണ് സിംകയുടെ പദ്ധതി.

വന്‍തുക മുടക്കി വിപണിയിലെത്തിക്കുന്ന ആല്‍ബങ്ങളും ചലച്ചിത്രഗാനങ്ങളും സൗജന്യമായി ആര്‍ക്കും ലഭ്യമാകുന്ന സ്ഥിതിയെത്തിയതോടെയാണ് ഇതിനെതിരെ സംഗീതജ്ഞരും കമ്പനികളും ഒരുമിച്ചത്. ഇന്റര്‍നെറ്റ് വഴിയുള്ള അനധികൃത ഡൗണ്‍ലോഡിങിന്റെ നിരക്ക് മള്‍ട്ടീമീഡിയ മൊബൈലുകള്‍ വ്യാപകമായതോടെ പതിന്‍മടങ്ങ് വര്‍ദ്ധിച്ചു. മൊബൈല്‍റീച്ചാര്‍ജ് സ്ഥാപനങ്ങള്‍കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം ഡൗണ്‍ലോഡിങിന് തടയിടാനാണ് പുതിയ സംവിധാനം. ആര്‍ക്കും സൗജന്യമായി പാട്ടുകള്‍ സ്വന്തമാക്കാവുന്ന രീതി സംഗീതത്തെ തകര്‍ക്കുമെന്ന് ഗായകന്‍ പി. ഉണ്ണികൃഷ്ണന്‍ ചെന്നൈയില്‍ പറഞ്ഞു.