എറണാകുളം: ലിസ് തട്ടിപ്പ് കേസില്‍ തുടരന്വേഷണം നടത്താനും ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താനും തീരുമാനമായി. ലിസ് കേസ് അട്ടിമറിക്കപ്പെടുന്നുവെന്ന ADGP സെന്‍കുമാറിന്റെ പരാതിയിന്മേല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശത്തെ തുടര്‍ന്ന് ഇന്ന് ഹൈക്കോടതിയിലെ ഡി.ജി.പി ഓഫീസില്‍ നടന്ന യോഗത്തിലാണ് തുടരന്വേഷണത്തിന് തീരുമാനമായത്. ഇതുസംബന്ധിച്ച് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ ഉടന്‍ ഉത്തരവിറക്കും.

നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരിക്കും അന്വേഷണ ചുമതല എന്നാണറിയുന്നു. പഴയ കേസന്വേഷണത്തിലെ പിഴവുകള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. ലിസ് കേസില്‍ ഇപ്പോള്‍ എറണാകുളം സി.ജെ.എം കോടതിയില്‍ വിചാരണ നടക്കുകയാണ്. പുതിയ അന്വേഷണം കഴിയും വരെ കേസിന്റെ വാദം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ അപേക്ഷ നല്‍കാനും തീരുമാനമായി.

ലിസ് എന്ന സ്ഥാപനത്തിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനം, നികുതി രേഖകള്‍ , റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ രേഖകള്‍ സംബന്ധിച്ച തുടര്‍ വിവരങ്ങള്‍, എന്നിവ കൂടാതെ ഇടക്കൊച്ചി സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട ഭൂമിയിടപാടും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലിസ് ഉടമകളുടെ ഇടക്കൊച്ചിയിലെ ഭൂമി വന്‍ തുകയ്ക്ക് കേരള ക്രിക്കറ്റ് അസോസിയേഷന് മറിച്ചു വില്‍ക്കാനും അതിനു കോടിക്കണക്കിനു രൂപ ടാക്‌സ് ഇളവു നേടാനും നടത്തിയ പണയിടപാടുകളും ആണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുക.

ലിസ് കേസ് അട്ടിമറിക്കുന്നതിനെക്കുറിച്ച് ഡൂള്‍ ന്യൂസ് അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് അതുവരെ തമസ്‌കരിക്കപ്പെട്ട വാര്‍ത്ത മറ്റുമാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലിസ് കേസില്‍ പ്രതികള്‍ക്കനുകൂലമായി കേസ് അട്ടിമറിക്കപ്പെടുന്നുവെന്നായിരുന്നു ഡൂള്‍ന്യൂസ് പുറത്ത് വിട്ട വാര്‍ത്ത. പ്രോസിക്യൂഷനും കോടതിയും കേസില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചും ഇക്കാര്യം ചൂണ്ടിക്കാട്ടി എ.ഡി.ജി.പി സെന്‍കുമാര്‍ മുഖ്യമന്ത്രിക്കയച്ച കത്തും ഡൂള്‍ന്യൂസ് പുറത്ത് വിട്ടിരുന്നു.
ലിസ് ഉടമകളുടെ ഇടക്കൊച്ചിയിലെ ഭൂമി ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഡൂള്‍ന്യൂസ് വരും ദിവസങ്ങളില്‍ പുറത്തു വിടും.

ലിസ്: കോടികളുടെ തട്ടിപ്പ് കേസ് അട്ടിമറിക്കപ്പെടുന്നു !!

മുന്‍ ഡി.ജി.പി പരസ്യ മോഡലായി; ജസ്റ്റിസ് തങ്കപ്പനെതിരെയും ആരോപണം