തിരുവനന്തപുരം: പുതിയ മദ്യനയത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കി. 2014 ന് ശേഷം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നത് നിയന്ത്രിക്കാനും കൈവശം വെയ്ക്കാവുന്ന മദ്യത്തിന്റെ അളവിന്റെ പരിധി കുറക്കുന്നതും അടക്കമുള്ള നിര്‍ദേശങ്ങളാണ് മദ്യനയത്തിലുള്ളത്.

മദ്യം വാങ്ങുകയോ കൈവശം വെക്കുകയോ ചെയ്യുന്നവരുടെ പ്രായപരിധി 18 ല്‍ നിന്ന് 21  ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ മദ്യംകൈവശം വെക്കുാവുന്നതിന്റെ പരമാവധി അളവ് മൂന്ന് ലിറ്റര്‍ ആണ് ഇത് ഒന്നര ലിറ്ററായി ചുരുക്കണുമെന്നും മദ്യനയത്തില്‍ പറയുന്നു.

ബാറുകള്‍ തുറക്കുന്ന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ 8 മണിമുതല്‍ 11 മണിവരെയും കോര്‍പ്പറേഷനുകളില്‍ 9 മുതല്‍ 12 വരെയുമായിരിക്കും ബാറുകളുടെ പ്രവര്‍ത്തനസമയം.

കള്ള് ഷാപ്പുകളുടെ നടത്തിപ്പില്‍ നിന്ന് സഹകരണസംഘങ്ങളേയും സൊസൈറ്റികളേയും ഒഴിവാക്കാനും നയത്തില്‍ വ്യവസ്ഥയുണ്ട്. പകരം ഷാപ്പുകളുടെ നടത്തിപ്പ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ നല്‍കും. ഇതിന് ചുരുങ്ങിയത് 50 തെങ്ങും അഞ്ച് തൊഴിലാളികളും വേണം.

2014 ന് ശേഷം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുകയുള്ളൂ. ബാറുകള്‍ തമ്മിലുള്ള അകലം പഞ്ചായത്തുകളില്‍ മൂന്ന് കിലോമീറ്ററും നഗരങ്ങളില്‍ ഒരു കിലോമീറ്ററും ആക്കി. ബാറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച സമയക്രമം കര്‍ശനമായി പാലിക്കണമെന്നും മദ്യ ഉപഭോഗം കുറച്ചുകൊണ്ട് വരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മദ്യനയത്തില്‍ പറയുന്നു.