തിരുവനന്തപുരം: സര്‍ക്കാരിന് ഇനി ആശങ്കയില്ല. മദ്യകമ്പനികളുടെ ശീതസമരം കഴിഞ്ഞു. ഇനി ഖജനാവിലേക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പണം വാരാം. സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന് ഈ ഓണത്തിന് മദ്യം നല്‍കേണ്ടതില്ലെന്ന തീരുമാനം മദ്യകമ്പനികള്‍ പിന്‍വലിച്ചു. മദ്യകമ്പനി പ്രതിനിധികള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം മാറ്റിയത്.

പല തവണ മദ്യത്തിന് വില കൂട്ടിയ കേരളസര്‍ക്കാര്‍ ആനുപാതികമായി മദ്യക്കമ്പനികള്‍ക്ക് വില കൂട്ടി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വര്‍ഷങ്ങളായി ഇക്കാര്യം ആവശ്യപ്പെട്ടിട്ടും വില കൂട്ടി നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മദ്യവിതരണം നിര്‍ത്തിവെക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. എന്നാല്‍ ഓണത്തിന് ശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന വ്യവസ്ഥയിലാണ് തീരുമാനത്തിന് അയവ് വന്നത്.

എക്‌സൈസ് മന്ത്രി കെ.ബാബു സര്‍ക്കാരിന് മദ്യം നല്‍കാത്ത കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രശ്‌നപരിഹാരം നടത്താമെന്ന ഉറപ്പ് ലഭിക്കുകയായിരുന്നു.