കൊച്ചി: സംസ്ഥാനത്ത് കള്ള് നിരോധിക്കില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. വ്യാജമദ്യം സര്‍ക്കാര്‍ നിരോധിക്കണം. വ്യാജമദ്യം വില്‍ക്കുന്നത് കള്ള് വില്‍പ്പന എന്ന പേരിലാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല എന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.

Ads By Google

ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും ഉദയഭാനു റിപ്പോര്‍ട്ടില്‍ കള്ള് നിരോധിക്കണമെന്ന് പറയുന്നില്ലെന്നും പി.പി തങ്കച്ചന്‍ വ്യക്തമാക്കി.

Subscribe Us:

സംസ്ഥാനത്തെ കള്ള് കച്ചവടം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു.

കള്ള് ചെത്ത് വ്യവസായം വഴി ഒട്ടേറെ കുടുംബങ്ങള്‍ ജീവിക്കുന്നുണ്ട്. കള്ള് മാരകമായതാണെന്ന് ആരും കരുതുന്നുമില്ല. ഒറ്റയടിക്ക് കള്ള് ചെത്ത് വ്യവയായം അവസാനിപ്പിക്കുന്നത് പ്രയോഗികമല്ല.

കള്ളിന് പകരം വ്യാജക്കള്ള് വില്‍ക്കുന്നുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ശ്രദ്ധിക്കണം. സമ്പൂര്‍ണമായ മദ്യ നിരോധനം മുസ്‌ലിം ലീഗ് എന്നും ഉന്നയിക്കുന്ന ആവശ്യമാണ്. പക്ഷേ കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഘട്ടം ഘട്ടമായ മദ്യനിരോധനമേ സാദ്ധ്യമാകൂ എന്ന് ഉദയഭാനു കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

മൂക്ക് മുറിഞ്ഞാലും ശകുനം മുടക്കണം എന്ന നിലപാടാണ് കള്ള് ചെത്ത് വ്യവസായത്തില്‍ മുസ്‌ലിം ലീഗ് സ്വീകരിച്ചിരിക്കുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പറഞ്ഞിരുന്നു.