എഡിറ്റര്‍
എഡിറ്റര്‍
യൂറോപ്പിലെ ടോപ് സ്‌കോററായി ലയണല്‍ മെസി
എഡിറ്റര്‍
Tuesday 30th October 2012 9:42am

ബാഴ്‌സലോണ: പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടുന്നതില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി മുന്നേറുകയാണ്. യൂറോപ്പിലെ ടോപ് സ്‌കോറര്‍ എന്ന പദവിയാണ് അവസാനമായി മെസിയെ തേടി എത്തിയത്.

യൂറോപ്പില്‍ ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് ബാഴ്‌സലോണയുടെ അര്‍ജന്റീനന്‍ താരം ലയണല്‍ മെസിക്ക് സമ്മാനിച്ചുകഴിഞ്ഞു.

Ads By Google

ബാഴ്‌സയ്ക്കുവേണ്ടി 34 ഗോള്‍ നേടിയ 2010 സീസണിലാണ് മെസി ആദ്യ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌ക്കാരത്തിന് അര്‍ഹനായത്. കരിയറില്‍ 300 ഗോളെന്ന നേട്ടം കഴിഞ്ഞ ദിവസമാണ് മെസി മറികടന്നത്.

മെസി 50 ഗോളുകളാണ് 2011-2012 സീസണില്‍ ബാഴ്‌സലോണയ്ക്ക് വേണ്ടി നേടിയത്. ഇതു രണ്ടാം തവണയാണ് മെസി യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്.

സീസണില്‍ 46 ഗോളുകള്‍ അടിച്ചുകൂട്ടിയ റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തൊട്ടുപിന്നിലാക്കിയാണ് മെസി യൂറോപ്പിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ടീമിലെ സഹതാരങ്ങളുടെ കൂടെ പിന്തുണയോടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മെസി പറഞ്ഞു.

പുരസ്‌ക്കാരം സഹതാരങ്ങളായ സാവി ഹെര്‍ണാണ്ടസിനും കാര്‍ലോസ് പുയോളിനും സമര്‍പ്പിക്കുന്നതായി അവാര്‍ഡ് ദാനചടങ്ങില്‍ മെസി പറഞ്ഞു.

Advertisement