‘കറന്റ് ബില്ല് കട്ടലു ഹോടെ.. യരഡു റുപ്പിയെ ചില്ലറെ കെളിദ ആ മഹാത്മ. മലയാളവല്ലവെ? നന്ന പ്രായവെ കിഞ്ചിതു ബെളെയന്നു നീടെ ഹീനയാവകി ബായിദു ബിട്ട ഓഫിസര്‍.’ (കറന്റ് ബില്ലടക്കാന്‍ പോയതാണ്. അവര്‍ രണ്ട് രൂപക്ക് ചില്ലറ ചോദിച്ചപ്പോള്‍ എനിക്ക് മനസ്സിലായില്ല. മലയാളമല്ലേ? വീണ്ടും എന്താണെന്ന് ചോദിച്ചപ്പോള്‍ നല്ല ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞ് ഓഫീസര്‍ ചൂടായി എന്റെ പ്രായം പോലും കണക്കാക്കിയില്ല അവര്‍.

കാസര്‍ഗോഡ് താലൂക്കില്‍ താമസിക്കുന്ന 62 വയസുള്ള സുശീലാമ്മയുടെ വാക്കുകളാണിവ. കേവലം ഒരു സുശീലയില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നം അല്ല ഇത്. കാസര്‍ഗോഡ്, മഞ്ചേശ്വരം താലൂക്കിലെ നല്ലൊരു ശതമാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ആണ്. കര്‍ണാടകയോട് ചേര്‍ന്ന പ്രദേശമായതുകൊണ്ടു തന്നെ ഭാഷ, സംസ്‌കാരം തുടങ്ങിയവ കേരളത്തിന്റേതില്‍ നിന്നും വ്യത്യസ്തമാണ്.

കാസര്‍ഗോഡന്‍ തനിമയുള്ള മലയാളം, കന്നഡ, തുളു, കൊങ്കിണി, ബ്യാരി, തമിഴ്, ഉറുദു, ഹിന്ദുസ്ഥാനി, കൊടവ, കൊറഗഭാഷ തുടങ്ങി പന്ത്രണ്ടിലധികം ഭാഷകളാണ് ഇവിടെയുള്ള ജനങ്ങളുടെ മാതൃഭാഷ. ഇതില്‍ തന്നെ പല വകഭേദങ്ങളും ഉണ്ട്. ഇതില്‍ എല്ലാവര്‍ക്കും അറിയാവുന്ന ഭാഷ കന്നഡയാണ്. പ്രാഥമിക വിദ്യാഭ്യാസം നേടുക കന്നഡയില്‍ തന്നെ.

 

ചന്ദ്രഗിരിപ്പുഴയ്ക്കപ്പുറം കര്‍ണാടകയാണെന്ന് വിശ്വസിക്കുന്നവര്‍ പോലുമുണ്ട് ഈ കൂട്ടത്തില്‍. അഡ്രസ്സ് കോളങ്ങളില്‍ മാത്രമേ ഇവര്‍ കേരളം എന്നെഴുതാറുള്ളൂ. മലയാള ഭാഷയുടെ അധിനിവേശം കൊണ്ട് തങ്ങളുടെ ഭാഷ, സംസ്‌കാരം തുടങ്ങിയവ ഇല്ലാതാകുന്നു എന്നാണ് പ്രദേശവാസിയും തുളുനാട് അക്കാദമി അംഗവുമായിരുന്ന പ്രൊഫസര്‍ ശ്രീനാഥ് പറയുന്നത്.

‘കാസര്‍ഗോഡ് താലൂക്കിലെ കേരളത്തോട് ചേര്‍ക്കുമ്പോള്‍ ഉണ്ടായ നിയമങ്ങള്‍ ഒന്നും പാലിക്കാതെ ഞങ്ങളുടെ ഭാഷയെ മലയാളവുമായി ചേര്‍ത്ത് ഈ സംസ്‌കാരത്തെ പാടെ നശിപ്പിക്കുന്ന പ്രവണതയാണ് അധികാരികളില്‍ കണ്ടുവരുന്നത്. പ്രൊഫസര്‍ ശ്രീനാഥ് പറയുന്നു. കേവലം സംസ്‌കാരത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് സര്‍ക്കാരിന്റെ നോട്ടീസുകളടക്കം മലയാളത്തില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. അതെന്താണെന്ന് മനസിലാക്കാന്‍ മറ്റൊരാളുടെ സഹായം തേടേണ്ടിവരുന്നു. വിദ്യാഭ്യാസമുണ്ടായിട്ടും നിരക്ഷരരെപ്പോലെ ജീവിക്കുക എന്നത് ദയനീയമാണ്. -ശ്രീനാഥ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത് മാത്രമല്ല ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. 1967 മുതല്‍ ചന്ദ്രഗിരിപ്പുഴയ്ക്കിപ്പുറമുള്ള പ്രദേശങ്ങള്‍ വിവാദ പ്രദേശ (disputed area) മാണ്. 2013 ലെ പ്രഭാകര കമ്മീഷന്‍ റിപ്പോര്‍ട്ട് ഇതിന് ഒന്നുകൂടി ആക്കം കൂട്ടുന്നു. അതുകൊണ്ട് തന്നെ പ്രത്യേക പരിഗണന ലഭിക്കേണ്ട ഈ ജനങ്ങള്‍ ഇന്നും ഇവരുടെ അവകാശങ്ങള്‍ക്കായി മുറവിളി കൂട്ടുന്നുണ്ട്.

 

മുകളില്‍ പറഞ്ഞ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജില്ലാ കളക്ടര്‍ ആണ് ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനുള്ള അധികാരി. എന്നാല്‍ നാല് മാസത്തില്‍ ഒരിക്കല്‍ ഈ മേഖലയിലെ ജനങ്ങളുമായി കളക്ടര്‍ ചേരേണ്ട മീറ്റിംഗുകള്‍ പോലും ഒരു പേജില്‍ ഒതുങ്ങുന്ന കുറിപ്പുകള്‍ മാത്രമായി ഒതുങ്ങുന്നു.

ഇത്തരം പ്രശ്‌നങ്ങള്‍ക്കിടയിലാണ് സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയത്. അതോടെ മാതൃഭാഷയിലുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ജനതയായി ഇവര്‍ മാറി. ഭരണഭാഷാ നയം ഇതിന് അടിത്തറയും നല്‍കി. മലയാളം വായിക്കാനും എഴുതാനും അറിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്ന ഒരു കൂട്ടം അദ്ധ്യാപകരും ഇതുമൂലം ഉണ്ടായത്.

‘ലഭിക്കുന്ന 12 രജിസ്റ്ററുകളും മലയാളത്തിലാണ്. അതിലൊരക്ഷരം വായിച്ചെടുക്കാന്‍ ഞങ്ങള്‍ക്കാകുന്നില്ല, ഇംഗ്ലീഷില്‍ പോലും തരുന്നില്ല. അറിയില്ലെങ്കില്‍ ജോലി രാജിവെക്കാന്‍ ആണ് ഞങ്ങളോട് ഉയര്‍ന്ന ഓഫിസര്‍മാര്‍ പറയുന്നത്. മംഗല്‍പ്പാടി പഞ്ചായത്തിലെ അംഗന്‍വാടി ടീച്ചര്‍ രവികല പറയുന്നു.

 

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് എം.ടി വാസുദേവന്‍ നായരുടെ വരികള്‍ കേരളം ഏറ്റുചൊല്ലണമെന്ന് പറയുമ്പോള്‍ അത് ഭാഷാന്യൂനപക്ഷങ്ങളോട് കാണിക്കുന്ന അവഗണനയാണെന്നാണ് ഇവരുടെ വാദം. ‘

എന്നത് എല്ലാവരും അവരവരുടെ മാതൃഭാഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കട്ടേണ്ട ദിനമാണ്. എന്നാല്‍ കേരള ഗവണ്മെന്റിന്റെ ഈ പ്രതിജ്ഞാനയം ഞങ്ങളെ സംബന്ധിച്ച് ഞങ്ങളോടുള്ള ദ്രോഹമാണ്. ഈയൊരു തീരുമാനം മാതൃഭാഷാ ദിനത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നതാണ്’ കന്നഡ സാംസ്‌കാരിക സമന്വയ സമിതി പ്രസിഡന്റ് ബി.പുരുഷോത്തമ പറയുന്നു.

ഇവരുടെ ഭാഷകളുടെ നിലനില്‍പ്പ് ഉറപ്പുവരുത്താനും മലയാളഭാഷാ നയത്തിന് പകരം മാതൃഭാഷാ നയം കൊണ്ടുവരാനും ജനാധിപത്യബോധമുള്ള ഗവണ്മെന്റിന് ബാധ്യതയുണ്ടെന്നും പുരുഷോത്തമ അഭിപ്രായപ്പെടുന്നു.