കണ്ണൂര്‍: തലശ്ശേരി പാനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകനായ തഴയില്‍ അഷ്‌റഫിനെ വെട്ടിക്കൊന്ന കേസില്‍ ആറ് ആര്‍.എസ.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപരന്ത്യം തടവുശിക്ഷ. തലശ്ശേരി സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കുറ്റ്യേരിയിലെ ജിത്തു, രാജീവന്‍, ഇരുമ്പന്‍ അനീശന്‍, പാറ പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്ന രാജേഷ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ ഓരോ പ്രതികളും 75,000 രൂപ വീതം പിഴയൊടുക്കണം. ഇല്ലെങ്കില്‍ ഓരോ വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയില്‍ പറയുന്നു.

2002 ഫെബ്രുവരി പതിനഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ ബസ് സ്റ്റാന്റില്‍ വെച്ചാണ് അഷ്റഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. പാനൂര്‍ ടൗണിലുള്ള കടയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വാഹനം വാങ്ങാന്‍ എത്തിയ അഷ്റഫിനെ ആറംഗസംഘം വെട്ടിക്കൊല്ലുകയായിരുന്നു.