PM Antony, the Dramatist, പി.എം.ആന്റണി

Subscribe Us:

പി.എം.ആന്റണി/ആര്‍.കെ.ബിജുരാജ്

ഫോട്ടോ: ബിജുരാജ്

ഒരു മനുഷ്യനെ ചരിത്രം അടയാളപ്പെടുത്തുന്നത് നിലപാടുകള്‍ക്ക് മുകളിലാണ്.  പി.എം ആന്റണി എന്ന നാടകക്കാരനെ ചരിത്രം അടയാളപ്പെടുത്തുക വിട്ടു വീഴ്ചയില്ലാത്ത നിലപാടുകള്‍ക്ക് മുകളിലായിരിക്കും. ‘മത-സാമൂഹിക-പരിഷ്‌കരണവാദവും വിപ്ലവ പ്രവര്‍ത്തനവും രണ്ടാണ്’- എന്ന് പ്രഖ്യാപിച്ച  കലാപകാരിയായ നാടകപ്രവര്‍ത്തകന്‍ പി.എം.ആന്റണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍…..

പി.എം.ആന്റണിയുമായി ആര്‍.കെ.ബിജുരാജ് 2007-ല്‍ നടത്തിയ അഭിമുഖം

ഇരുപത്തിയൊന്നു വര്‍ഷം അല്‍പം നീണ്ട കാലയളവാണ്. ഏറെക്കുറെ ഒരു തലമുറയുടെ പ്രായം. പുലര്‍കോഴി കൂവുന്നതിനു മുമ്പ് മൂന്ന് വട്ടം എന്നതാണു കണക്കെങ്കില്‍ ഒരു മുന്‍ നക്‌സലൈറ്റിന് കുറഞ്ഞത് നൂറായിരം തവണ കുമ്പസാരിക്കാനുളള സമയമുണ്ടതില്‍. അത്രയും മുമ്പാണ് പി.എം.ആന്റണി അരങ്ങിന്റെ തീവ്രതയിലേക്ക് ക്രിസ്തുവിനെ കൊണ്ടുവന്നത്.

താന്‍ വിതച്ച കാറ്റില്‍ നിന്ന് കൊടുങ്കാറ്റ്‌കൊയ്‌തെടുത്തുകൊളളാനായിരുന്നു പരുക്കമായ, മുഴങ്ങുന്ന ശബ്ദത്തില്‍ ആന്റണി നമ്മളോട് മൊഴിഞ്ഞത്. ഒട്ടും വൈകിയില്ല; അരമനയും അധികാരവും അഴകൊത്ത പ്രാസമായി മാറി. നാടകത്തിന് നിരോധനം. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എഴുതിയാള്‍ക്ക് കുരിശ്.

നമ്മളയാള്‍ക്ക് തടവറയും ഒരുക്കി. ശബദം കേള്‍ക്കാത്തത്രയും ദൂരത്തിലേക്ക് അകറ്റി; അകന്നുമാറി. എന്നിട്ടും പി.എം.ആന്റണി തോല്‍പ്പിക്കപ്പെട്ടിട്ടില്ല. പരാജയപ്പെടുത്താനാവാത്ത തീയേറ്റര്‍ ആക്റ്റിവിസ്റ്റായി ആന്റണി ജീവിതം തുടരുന്നു.  ബൗദ്ധിക ജാടകളുടെ ബഹളങ്ങളില്‍ നിന്ന് അകന്ന്; തന്റെ നാടക പരീക്ഷണങ്ങളുമായി. നാടകവുമായി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ആന്റണി സഞ്ചരിക്കുന്നു. നിലപാടുകളില്‍ മാറ്റമില്ലാതെ; വിട്ടുവീഴ്ചയില്ലാതെ.

അരങ്ങിലും അണിയറയിലും ഒറ്റയാള്‍ കലാപമായി, ചോദ്യം ചെയ്തും നിഷേധിച്ചും തന്നെയാണ് ആന്റണി ജീവിച്ചുവന്നത്. ഒരര്‍ത്ഥത്തില്‍ ആ ജീവിതം അടയാളപ്പെടുത്തുന്നത് നമ്മുടെ ജനാധിപത്യ നാട്യങ്ങളെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യ പോരാട്ട ചരിത്രത്തെയുമാണ്.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴേ നാടക പ്രവര്‍ത്തനവുമായി സജീവമായിരുന്നു ആന്റണി. സ്‌കൂള്‍ കാലത്ത് സ്വയം നാടകമെഴുതി അവതരിപ്പിച്ച് ശ്രദ്ധേയനായി. 1980 ല്‍ ആലപ്പി തീയറ്റേഴ്‌സിനുവേണ്ടി രചിച്ച ‘കടലിന്റെ മക്കള്‍’ എന്ന നാടകം, ആദ്യ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച അവതരണത്തിനുളള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടി. പീന്നീട് പ്രൊഫഷണല്‍ നാടകം വിട്ട് അമേച്വര്‍ രംഗത്ത് സജീവമായി.

അടിയന്തരാവസ്ഥ കാലത്തിനുശേഷം ജനകീയ സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകന്‍. തുടര്‍ന്ന് സംഘടനയുടെ സംസ്ഥാന സമിതി അംഗം. 1980 ല്‍ കാഞ്ഞിരംചിറയില്‍ നടന്ന നക്‌സലൈറ്റ് ഉന്‍മൂലനകേസില്‍ പങ്കാളിയല്ലെങ്കിലും പ്രതിയാക്കപ്പെട്ടു. മൂന്നുവര്‍ഷം ഒളിവില്‍. വിചാരണക്കാലത്ത് ‘സ്പാര്‍ട്ടക്കസ്’ എന്ന നാടകം സംവിധാനം ചെയ്തു.

86 ല്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ ക്രിസ്ത്യന്‍ മതമേലധ്യക്ഷരുടെ എതിര്‍പ്പിനു പാത്രമായി. പുരോഹിത സമ്മര്‍ദത്തെ തുടര്‍ന്ന് ഭരണകൂടം നാടകം നിരോധിച്ചു. പിന്നീട് ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’, ക്രിസ്ത്യന്‍ പുരോഹിതരുടെ എതിര്‍പ്പിനു  പാത്രമായ ‘വിശുദ്ധപാപങ്ങള്‍’ എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. ‘സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം’ മികച്ച നാടക സംവിധായകനുളള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും നേടിക്കൊടുത്തു.

പി.എം. ആന്റണിയായി തന്നെ എനിക്ക് ജീവിക്കണം. ജനങ്ങള്‍ക്കിടയില്‍ നാടകക്കരനായി ജീവിച്ചു മരിക്കണം. അന്ന് ഞാന്‍ ചെയ്യുന്ന നാടകങ്ങള്‍ക്ക് ജനങ്ങളെ മൊത്തത്തില്‍ നയിക്കാനാവണം.  നാടകക്കാരനായ, ആക്റ്റിവിസ്റ്റായ ആന്റണിയല്ലാത്ത ഒരു ജീവിതവും എനിക്കു വേണ്ട.

‘ക്രിസ്തുവിന്റെ ആറാംതിരുമുറിവ്’ വിവാദമാവുകയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെപ്പറ്റിയുളള ചര്‍ച്ചകള്‍ കേരളത്തില്‍ ആദ്യമായി സജീവമാവുകയും ചെയ്ത കാലത്ത് നക്‌സലൈറ്റ് ഉന്‍മൂലനകേസില്‍ സെഷന്‍സ് കോടതി വിധിച്ച ആറുമാസം തടവ് ഹൈക്കോടതി ജീവപര്യന്തമായി ഉയര്‍ത്തി. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരിക്കുമ്പോള്‍ രചിച്ച ‘മണ്ടേലയ്ക്ക് സ്‌നേഹപൂര്‍വം വിന്നി’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രമ ഫലമായി 1993 ല്‍ ജയില്‍ മോചിതനായി. പിന്നീട്, നാടകം അരങ്ങില്‍ അവതരിപ്പിക്കുന്ന പരമ്പരാഗത ചിട്ടവട്ടങ്ങള്‍ വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് പോകുന്ന ‘അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക്’ എന്ന സങ്കേതം അവലംബിച്ചു. 2005 നവംബറില്‍ ആലപ്പുഴയില്‍ നിന്ന് കേരളത്തിലെമ്പാടും നാടകയാത്ര സംഘടിപ്പിച്ചു. ‘ടെററിസ്റ്റ്’ നാടകം അടുത്തയിടെ അവതരിപ്പിച്ചു. ‘ മൂന്നാം തീയേറ്റര്‍’, ‘തീയേറ്റര്‍ ഗറില്ലാസ്’ എന്ന തന്റെ സങ്കല്‍പ്പത്തിനനുസരിച്ച് പുതിയ നാടകം ചിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആറുമാസം മുമ്പ് ആലപ്പുഴ കാഞ്ഞിരംചിറയിലെ വീട്ടില്‍ എത്തുമ്പോള്‍  പി.എം.ആന്റണി നാടകത്തിന്റെ പണിപ്പുരയിലാണ്. ഓലമറച്ച പറമ്പില്‍ നാടക പരിശീലനം സജീവം. പരുക്കമായ ശബ്ദത്തിലായിരുന്നു അഭിവാദനം. ഒട്ടും പതറാത്ത ‘നക്‌സലൈറ്റ്’ ആന്റണിയില്‍ മറനീക്കാതെയുണ്ടെന്ന് തോന്നി. കുറ്റബോധമോ കുംബസാരമോ ഇല്ല. ചെയ്തതെല്ലാം ശരി, അത് കുറഞ്ഞുപോയതില്‍ മാത്രം ദു:ഖം. സാംസ്‌കാരികമായ ചെറുത്തുനില്‍പ്പുകള്‍ക്ക് മുന്നില്‍ ഞാനെന്നമുണ്ടാവുമെന്ന് ആവര്‍ത്തനം. മനസിന്റെ കൂസലില്ലായ്മ വെളിവാവുന്ന ശരീരഭാഷ.

സംസാരം മുഴുവന്‍ നാടകത്തില്‍ കേന്ദ്രീകരിച്ചു മാത്രം നിര്‍ത്താനാണ് ആന്റണി ഇഷ്ടപ്പെട്ടത്. പഴയകാലങ്ങള്‍ പറയാന്‍ താല്‍പര്യം ഒട്ടും പ്രകടിപ്പിച്ചേയില്ല. മറ്റ് പലരെയും പോലെ പഴംപുരാണത്തില്‍ അഭിരമിക്കാനുളള മനസില്ലെന്നത് വ്യക്തം. ആന്റണി രചിച്ച നാടകങ്ങള്‍ ഒറ്റ പുസ്തകമായി സമാഹാരിക്കാനുളള ശ്രമത്തില്‍ പങ്കാളിയാകുക എന്നതുകൂടിയായിരുന്നു അന്നത്തെ മുഖ്യ സന്ദര്‍ശനോദ്ദേശം. പുറംതോടിനുളളില്‍ സൗമ്യവും സരസവുമായ പെരുമാറ്റം.

കാഞ്ഞിരംചിറയിലെ വീട്ടില്‍ വച്ചും, നാടക പരിശീലന സ്ഥലത്തും, അടുത്തിടെ കൊച്ചിയില്‍ ആന്റണിയുടെ പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിലുമൊക്കെയായി മൂന്നുലേറെ തവണ അദ്ദേഹവുമായ സംസാരിച്ചിരുന്നു. ആ സംഭാഷണങ്ങളില്‍ നിന്ന്:

ക്രിസ്തു, കുരിശ്, കുണ്ടുകുളം

പി.എം.ആന്റണിയെന്ന പേര് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവു’മായി ബന്ധപ്പെട്ടാണ്. അതിനാല്‍  അതില്‍ നിന്നു തുടങ്ങാം. എന്തായിരുന്നു ‘കിസ്തുവിന്റെ ആറാം തിരുമുറിവ്’ സംവിധാനം ചെയ്യാനുളള സാഹചര്യം?

ഞങ്ങള്‍ മുമ്പ്  ‘സ്പാര്‍ട്ടക്കസ്’ എന്ന നാടകം ചെയ്തിരുന്നു. അതിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് അഭിനേതാക്കളില്‍ ഒരാള്‍ ‘ആശാനേ ക്രിസ്തുവിന് മുമ്പ് കുരിശുണ്ടായിരുന്നോ’ എന്ന് എന്നോടായി ചോദിച്ചു. ശരിക്കും പറഞ്ഞാല്‍ ഈ ചോദ്യത്തില്‍ നിന്നാണ് ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവി’ന്റെ തുടക്കം. ക്രിസ്തുവിന് മുമ്പ് കുരിശ് പീഡന വസ്തുവാണ്. പിന്നെങ്ങനെയത് വിശുദ്ധമായി? ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ സ്പാര്‍ട്ടക്കസ് എന്തുകൊണ്ട് വിസ്മരിക്കപ്പെട്ടു. പകരം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന യേശുവെങ്ങനെ രക്ഷകനായി. ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവി’ലേക്ക് നയിക്കുന്നത്. ഒപ്പം  കസാന്‍ദ്‌സാക്കിസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന കൃതിയെയും ഞങ്ങള്‍ ആധാരമായി എടുത്തു.

Christhuvinte Aram Thirumurivu, Pm Antony സ്പാര്‍ട്ടക്കസും കുരിശുമായി ചരിത്രത്തില്‍ ബന്ധമില്ല. സ്പാര്‍ട്ടക്കസ് ക്രൂശിക്കപ്പെട്ട വ്യക്തിയുമല്ലല്ലോ?

‘സ്പാര്‍ട്ടക്കാസ്’ എന്ന ഫൗസ്റ്റിന്റെ ഒരു നോവലില്‍ അദ്ദേഹം കുരിശേറിയാണ് മരിക്കുന്നത്. പക്ഷെ ചരിത്രത്തില്‍ ഇല്ല. ഭരണകൂടം പീഡിപ്പിക്കപ്പെടുന്ന സ്പാര്‍ട്ടക്കസിന് ഒടുവില്‍ എന്തു സംഭവിക്കുന്നുവെന്ന് വ്യക്തമല്ല. പക്ഷെ അയാളുടെ സഖാക്കളെല്ലാം കുരിശിലാണ് മരിക്കുന്നത്. അതെന്തായാലും സ്പാര്‍ട്ടക്കസ് എന്ന ഞങ്ങളുടെ നാടകത്തില്‍ കുരിശ് പ്രധാന വിഷയമാണ്.


ജനങ്ങള്‍ക്കൊപ്പം നില്‍ക്കാതിരുന്ന യേശുവെന്നു പറഞ്ഞു? അതെത്രമാത്രം ശരിയാണ്? എന്താണ് നിങ്ങളുടെ നാടകത്തിന്റെ യുക്തി?

സ്പാര്‍ട്ടക്കസ് യഥാര്‍ത്ഥത്തില്‍ വിപ്ലവകാരിയാണ്. ജനങ്ങള്‍ക്കു വേണ്ടി പോരാടി രക്തസാക്ഷിയാകുന്നയാള്‍. എന്നാല്‍ യേശു അങ്ങനെയല്ല. യേശു ഒരുഘട്ടത്തിലും ജനങ്ങള്‍ക്കൊപ്പം ചേരുന്നില്ല. റോമന്‍ അധിനിവേശത്തില്‍ നിന്ന് മോചിതരാകാന്‍ ജനങ്ങള്‍ പോരാടുമ്പോള്‍ യേശു അവര്‍ക്കൊപ്പം ചേരുന്നില്ല. മനസുമുഴുവന്‍ മറുപക്ഷത്താണ്.റോമന്‍ അധിനിവേശത്തിനെതിരെ ചെറുവിരല്‍ അയാള്‍ അനക്കിയതിന് തെളിവില്ല. മാത്രമല്ല ഭരണകൂടത്തിനെതിരെ ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

പിലാത്തോസിന്റെ കൈകഴുകല്‍ തന്നെ അത്ഥഗര്‍ഭമാണ്. തങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടാണ് പിലോത്തോസ് യേശുവിനെ രക്ഷിക്കാന്‍  ശ്രമിക്കുന്നത്. യേശു ഭരണകൂട ദൃഷ്ടിയില്‍ കുറ്റക്കാരനല്ല. അവസാന ഘട്ടത്തില്‍ യേശുവിനെ രക്ഷപെടുത്താനായി തടവറയിലുളള ബറാബാസിനെ വിട്ടുകൊടുക്കാമെന്നു പറഞ്ഞിട്ടും ജനങ്ങള്‍ സമ്മതിക്കുന്നില്ല.

യേശുവിനും മുമ്പും പിമ്പുമായി ചരിത്രത്തെ വേര്‍തിരിക്കാം. മുമ്പ് കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നൊരു നീതിയുണ്ടായിരുന്നു. ജനങ്ങളെ മര്‍ദിക്കുന്നവര്‍ക്ക് അതേ നാണ്യത്തില്‍ തിരിച്ചടികൊടുക്കണം എന്നതാണ് അതിന്റെ ശരിയായ പ്രയോഗം. പക്ഷെ ഒരു കരണത്ത് അടിക്കുന്നവന് മറു കരണവും കാണിച്ചുകൊടുക്കാന്‍ മൊഴിയുന്നത് മര്‍ദകര്‍ക്കൊപ്പം നില്‍ക്കലാണ്. യേശു ചെയ്തതും അതാണ്.

ആ വാദം ശരിയാവുമോ? താങ്കളുടെ നാടകത്തില്‍ തന്നെ ജറുസലേമിലെ ദേവാലയത്തില്‍ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കയര്‍ ആയുധമാക്കുന്ന യേശുവിനെക്കുറിച്ച് പറയുന്നുണ്ടല്ലോ?

ശരിയാണ്. യേശു ദേവാലയത്തിനുളളിലെ കച്ചവടക്കാര്‍ക്കെതിരെ ചാട്ടയെടുക്കുന്നൊക്കെയുണ്ട്. മതത്തിനുളളിലെ ദുഷ് പ്രവണതകള്‍ക്കെതിരെ യേശു പ്രതികരിച്ചിട്ടുണ്ട്. അതിനെ പരിഷ്‌കരണവാദം എന്നൊക്കെ പറയാം. പരിഷ്‌കരണവാദവും വിപ്ലവ പ്രവര്‍ത്തനവും രണ്ടാണ്. അന്നത്തെ മതത്തിനുളളിലെ ചില കൊളളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതുകൊണ്ട് യേശു വിപ്ലവകാരിയാകുന്നില്ല.

യേശുവിനും ഇസ്രായേലിലെ ജനങ്ങള്‍ക്കും തൊട്ടുമുമ്പിലുണ്ടായിരുന്ന യാഥാര്‍ത്ഥ്യമെന്നത് റോമന്‍ അധിനിവേശമാണ്. തങ്ങളുടെ നാടിനെ അടിച്ചമര്‍ത്തിയവരില്‍ നിന്ന് മോചനം നേടുക. പക്ഷെ യേശു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നില്ല.

ബൈബിളില്‍ പറയുന്ന ഒരു കാര്യമുണ്ട്. ഒരുഘട്ടത്തില്‍ ജനങ്ങള്‍ റോമക്കാര്‍ക്ക് നികുതി കൊടുക്കുന്നില്ലെന്ന് തീരുമാനിക്കുന്നു. യേശു നിശബ്ദനാണ് ഈ സമയത്ത്. അപ്പോള്‍ അവര്‍ ചോദിക്കുന്നു: ”ഞങ്ങള്‍ നികുതി കൊടുക്കുന്നില്ല, എന്തു പറയുന്നു നീ? ”.കുറേ നേരം നിശബ്ദനായിരുന്നു യേശു. എന്നിട്ട് നാണയമെടുത്ത് കാണിച്ച് പറയുന്നു. ‘ദൈവത്തിനുളളത് ദൈവത്തിനും സീസറിനുളളത് സീസറിനും കൊടുക്കുക’. ഈ അഴകുഴമ്പന്‍  മറുപടിയിലൂടെ യേശു യഥാര്‍ത്ഥത്തില്‍ സേവിക്കുന്നത് റോമന്‍ പക്ഷത്തെയാണ്. നികുതി കൊടുക്കുന്നില്ലെന്ന ഉറച്ച മറുപടിയാണ് ഈ ഘട്ടത്തില്‍ വേണ്ടത്. ജനവും അവരുടെ സംഘടിത മുന്നേറ്റവും അങ്ങനെ ഒരു ഉത്തരം ആവശ്യപ്പെടുന്നുണ്ട്. ഓരോ വസ്തുതകളും ചികഞ്ഞു പരിശോധിച്ചാല്‍ നമ്മുടെ ഈ വിധത്തിലുളള ധാരണ ശക്തമാകും. വിമോചനപോരാട്ടവുമായി ചേര്‍ന്നു നില്‍ക്കാത്ത യേശുവിനെ നമ്മളെങ്ങനെ വിപ്ലവകാരിയെന്ന് വിശേഷിപ്പിക്കും?

ഒരു വിവാദമുണ്ടാക്കി ജനശ്രദ്ധനേടാനുളള ശ്രമത്തിന്റെ ഭാഗമായല്ലേ നിങ്ങള്‍ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ ചെയ്തത്?

അന്നത്തെ ഞങ്ങളുടെ പ്രവര്‍ത്തനം വച്ചു നോക്കുമ്പോള്‍ ഇത്തരം വാദങ്ങളൊക്കെ അസംബന്ധമാണ്. കാരണം ഞങ്ങള്‍ സാംസ്‌കാരിക പ്രവര്‍ത്തകരായിരുന്നു. രാഷ്ട്രീയമാണ് നയിച്ചതും. ഞങ്ങളെ സംബന്ധിച്ച് അധികാരം, അതിന്റെ കാപട്യം, ജനാധിപത്യ നാട്യങ്ങള്‍, വിശ്വാസത്തിന്റെ അന്ധത ഇതെല്ലാം ചോദ്യം ചെയ്യുക എന്നതു മാത്രമാണ് പ്രധാനം. സാംസ്‌കാരിക രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ വരുത്തി, നിലവിലുളള അധികാരത്തെ ചോദ്യം ചെയ്യാനുളള ശ്രമമായിരുന്നു അത്. ക്രിസ്തുവിനെപ്പറ്റി ഞങ്ങളുയര്‍ത്താനിരുന്ന ചര്‍ച്ച സാമൂഹ്യതലത്തില്‍ നിര്‍ണായകമായിരുന്നു. ഇപ്പോഴുമതെ.

ക്രിസ്തു ആര്‍ക്കൊപ്പം നിന്നു, നമ്മളാര്‍ക്കൊപ്പം നില്‍ക്കണം?. എന്താണ് നമ്മുടെ മുന്നിലുളള അടിയന്തര പ്രശ്‌നം? തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയര്‍ത്തുക. തീര്‍ച്ചയായും സഭയെ ചോദ്യം ചെയ്യണം എന്ന വികാരവും നയിച്ചിരുന്നു. ഇത്തരം ചര്‍ച്ചകളിലൂടെയും ചോദ്യംചെയ്യലുകളിലൂടെയുമാണ് സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുക. അധികാരം, വഞ്ചന, ശത്രുപക്ഷം ചേരല്‍, വിമോചനം എന്നിങ്ങനെ കുറേ തലമുണ്ട് ഞങ്ങളുടെ നാടകത്തില്‍.

അല്ലാതെ വ്യക്തിപരമായി നേട്ടങ്ങളുണ്ടാക്കുക, ജനശ്രദ്ധനേടുക, വിവാദമുണ്ടാക്കുക എന്നതൊന്നും ഞങ്ങളുടെ പരിപാടിയായിരുന്നില്ല. അതെല്ലാം ഇന്നത്തെ കക്ഷിരാഷ്ട്രീയ സാംസ്‌കാരിക നായകര്‍ക്ക് വിട്ടുകൊടുക്കാം. എന്നെയും അന്നത്തെ എന്റെ സഖാക്കളെയും ദയവായി അതില്‍ നിന്ന് ഒഴിവാക്കുക. പിന്നെ ഞങ്ങളല്ല നാടകം വിവാദമാക്കിയത്. റിഹേഴ്‌സല്‍ 12 ദിവസം പിന്നിടുമ്പോഴേക്ക് ക്രിസ്തീയ സഭക്കാരാണ് ആകെ കോലഹാലമുണ്ടാക്കിയത്. ഞങ്ങള്‍ ബോധപൂര്‍വം ഒന്നും ചെയ്തില്ല. ഞങ്ങളാണ് അത് ചെയ്തിരുന്നെങ്കില്‍ നാടകം അവതരിപ്പിക്കപ്പെട്ട ശേഷമാകണമായിരുന്നല്ലോ.

എന്തുകൊണ്ടാവും നാടകം അരങ്ങിലെത്തുന്നതിനു മുമ്പ്, റിഹേഴ്‌സല്‍ നടക്കുമ്പോഴേ പ്രതിഷേധവുമായി വരാന്‍ സഭയെയും പളളിക്കാരെയും പ്രേരിപ്പിച്ചത്?

ഞാന്‍ ഉറച്ചു വിശ്വസിക്കുന്ന കാര്യം പറയാം. അക്കാലത്ത് വി.പി.സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം ഒരു ഓര്‍ഡിനന്‍സ് കൊണ്ടു വന്നു. ചാരിറ്റബിള്‍ സൈസൈറ്റി എന്ന പേരില്‍ വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലഭിക്കുന്ന വിദേശ ഫണ്ടിന്റെ കണക്കുകള്‍ ഹാജരാക്കണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് വന്നിരുന്നത് ബിഷപ്പ് മാര്‍ കുണ്ടുകുളത്തിനാണ്. അദ്ദേഹത്തിനെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നുണ്ട്. സി.അച്യുതമേനോന്‍  ഇത് തന്റെ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്. ബിഷപ്പിന് സി.ബി.ഐ. അന്വേഷണം നടക്കുന്നത് ജനങ്ങളില്‍ നിന്ന് മറയ്ക്കണം. ശ്രദ്ധ തിരിക്കണം. അതിന് ‘തിരുമുറിവ്’ വീണു കിട്ടിയ അവസരമാണ്. അത് ശരിക്കും കുണ്ടുകുളം പ്രയോജനപ്പെടുത്തി.

റിഹേഴ്‌സല്‍ നടക്കുമ്പോള്‍ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉപവാസമൊക്കെ ബിഷപ്പ് നടത്തുന്നുണ്ട്. ഇടവകകള്‍ തോറും ഘോഷയാത്രകളും പ്രകടനങ്ങളും നടത്താന്‍ സഭ ആവശ്യപ്പെട്ടു. ആ സമയത്ത് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. ഉടന്‍ രാഷ്ട്രീയ കക്ഷികളും ഇതില്‍ ഇടപെട്ടു പരമാവധി മുതലെടുത്തു. ബഹളമുണ്ടാക്കിയവര്‍ക്ക് നാടകത്തെപ്പറ്റി ധാരണയൊന്നുമുണ്ടായിരുന്നില്ല. പേരുകേട്ടപ്പോള്‍ തന്നെ ചിലപ്പോള്‍ ക്രിസ്തുവിനും മതത്തിനുമെതിരാണെന്ന് അവര്‍ ധരിച്ചിട്ടുണ്ടാകും. അഭിനേതാക്കള്‍ക്ക് പോലും ശരിയായ ധാരണയായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. നാടക പരിശീലനം രഹസ്യമായിട്ടൊന്നുമല്ല നടത്തിയത്. അങ്ങനെ കേട്ടറിഞ്ഞതാവാം. ഞങ്ങള്‍ കേരളത്തിലങ്ങോളം ഇങ്ങോളം ചുവര്‍ പരസ്യങ്ങളൊക്കെ ഒട്ടിച്ചിരുന്നു.

NEXT PAGE