എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: മൂന്ന് സി.പി.ഐ.എം നേതാക്കളടക്കം 11 പ്രതികള്‍ക്ക് ജീവപര്യന്തം
എഡിറ്റര്‍
Tuesday 28th January 2014 2:20pm

t.p

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 12 പേര്‍ക്കുള്ള ശിക്ഷ കോടതി പ്രഖ്യാപിച്ചു.

കെ.സി രാമചന്ദ്രനും കുഞ്ഞനന്ദനും അടക്കമുള്ള ആദ്യ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ലംബു പ്രദീപന് മൂന്ന് വര്‍ഷം തടവ് വിധിച്ചു.

എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. ഇവര്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം.

സ്‌ഫോടക വസ്തു കൈവശം വെച്ചതിന് കൊടി സുനിക്ക് ജീവപര്യന്തത്തിന് പുറമെ പത്തു വര്‍ഷം കഠിനതടവും, കിര്‍മാണി മനോജിന് ജീവപര്യന്തത്തിന് പുറമെ അഞ്ച് വര്‍ഷം കഠിനതടവുമാണ് ലഭിച്ചത്.

സി.പി.ഐ.എം നേതാക്കളായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍(13), കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കര ജയസുര വീട്ടില്‍, കെ.സി.രാമചന്ദ്രന്‍(8),  കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ്(11), എന്നിവര്‍ക്ക് ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.

പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടി വരും. ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

കേസിലെ 31 ാം പ്രതിയാണ് ലംബു പ്രദീപന്‍. തെളിവ് നശിപ്പിക്കലാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൊലക്കുറ്റം, ആയുധം കൈവശം വെക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പിഴയില്‍ മൂന്ന് ലക്ഷം ടി.പിയുടെ ഭാര്യ രമയ്ക്കും രണ്ട് ലക്ഷം മകന്‍ അഭിനന്ദിനും നല്‍കണം.

കേസിന്റെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് രാവിലെ 11.15 ന് ശിക്ഷ പ്രഖ്യാപിച്ചത്.

വ്യക്തിപരമായ കാരണമല്ല കൊലയ്ക്ക് പിന്നില്‍.  കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകയാണെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. ആസൂത്രിതവും പൈശാചികവുമായ കൊലപാതകമാണെന്നും സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നും കോടതി വ്യക്തമാക്കി.

വിധി വരുന്നതിനാല്‍ വന്‍ സുരക്ഷാസന്നാഹമാണ് കോടതിയിലും പരിസരപ്രദേശങ്ങളിലും ഒരുക്കിയത്. കോടതിയിലും സമീപത്തുമായി 250 പോലീസുകാരെ നിയമിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷത്തോളം നീണ്ട നടപടികള്‍ക്കുശേഷം ഈ മാസം 22ന് ആയിരുന്നു സി.പി.ഐ.എം നേതാക്കളടക്കം 12 പേര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടത്തെിയത്.

ഇതേത്തുടര്‍ന്ന് ചന്ദ്രശേഖരന്‍ വധം അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായി കണക്കാക്കി കൊലയാളി സംഘത്തിനും ഗൂഢാലോചന നടത്തിയവര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.

2012 മെയ് നാലിന് രാത്രി പത്തുമണിയോടെയാണ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ ആകെയുണ്ടായിരുന്ന 76 പ്രതികളില്‍ 22 പേരെ നേരത്തേ വിട്ടയച്ചിരുന്നു. തുടര്‍ന്ന് വിചാരണ നേരിട്ട 36 പ്രതികളില്‍ 24 പേരെ ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കി.

Advertisement