ട്രിപ്പോളി: ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തില്‍ വിമതസേന പ്രവേശിച്ചു. മൂന്ന് ദിവസമായി ശക്തമായി തുടരുന്ന നാറ്റോ ബോംബാക്രമണത്തിന്റെ സഹായത്തിലാണ് വിമത സേന ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തില്‍ കടന്നത്.

മാസങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണു ഗദ്ദാഫിയുടെ അവസാന ശക്തികേന്ദ്രങ്ങളിലൊന്നായ സിര്‍ത്തില്‍ പ്രവേശിക്കാന്‍ വിമതര്‍ക്കായത്. നഗരത്തിന്റെ കിഴക്കന്‍ മേഖലയിലൂടെയാണ് സിര്‍ത്തില്‍ പ്രവേശിച്ചത്. ഗദ്ദാഫിക്കു ശക്തമായ സ്വാധീനം ഉള്ള മേഖലയാണു സിര്‍ത്ത്. ഇനി ബനീ വലീദ് മാത്രമാണ് ഖദ്ദാഫി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്.

സിര്‍ത്തില്‍ ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇന്ധനമോ ഇപ്പോള്‍ ലഭിക്കുന്നില്ല. ഈ മേഖലയില്‍ നിന്നും പാലായനം ചെയ്യാന്‍ ഗദ്ദാഫി സേന ജനങ്ങളെ അനുവദിച്ചിരുന്നില്ല. അതേസമയം സാധാരണക്കാര്‍ക്കു നേരെ വിമതസേന ആക്രമണം അഴിച്ചുവിടുകയാണെന്നു ഗദ്ദാഫി സേന ആരോപിച്ചു.