ട്രിപ്പോളി: ലിബിയന്‍ വിമതര്‍ക്ക് തലസ്ഥാന നഗരമായ ട്രിപ്പോളി പിടിച്ചെടുക്കാനായാല്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി നഗരം തകര്‍ക്കാന്‍ ഉത്തരവിട്ടേക്കാമെന്ന് വെളിപ്പെടുത്തല്‍. റഷ്യയുടെ ആഫ്രിക്കന്‍ പ്രതിനിധി മിഖായേല്‍ മര്‍ഗലോവിനോട് ലിബിയന്‍ പ്രധാനമന്ത്രി ബാഗ്ദാദി അല്‍ മഹ്മൂദി ഇക്കാര്യം പറഞ്ഞതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗദ്ദാഫി എണ്ണ ശുദ്ധീകരണ ശാലക്ക് തീയിടാന്‍ സാധ്യതയുണ്ടെന്ന് നാറ്റോയും പ്രവചിക്കുന്നുണ്ട്. സ്വന്തം സ്വത്തും സംവിധാനങ്ങളും തകര്‍ക്കാന്‍ മടിയില്ലാത്ത ആളാണ് ഗദ്ദാഫിയെന്നും മറ്റൊരു വഴിയുമില്ലെങ്കില്‍ അദ്ദേഹം ഏതറ്റം വരെയും പോകുമെന്നും നാറ്റോയുടെ ലിബിയല്‍ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്ന കമാന്‍ഡര്‍ ലഫ്‌നന്റ് ജനറല്‍ ചാള്‍സ് ബൗച്ചര്‍ പറഞ്ഞു.

അതിനിടെ, നാറ്റോ വ്യോമാക്രമണത്തില്‍ ഇതുവരെ 1,100 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടെന്നു ലിബിയന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ മുഹമ്മദ് സെക്രി മെഹ്ജൂബി. 4,500ലധികം പേര്‍ക്കു പരുക്കേറ്റു. ലിബിയയില്‍ നടത്തിയ അക്രമങ്ങളുടെ പേരില്‍ നാറ്റോ സെക്രട്ടറി ജനറല്‍ ആന്‍ഡേഴ്‌സ് ഫോഗ് റാസ്മൂസനെ ലിബിയന്‍ കോടതി വിരാചണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.