ട്രിപ്പോളി: കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ വിദേശകാര്യമന്ത്രി അബ്ദലാതി അല്‍ ഒബൈദി അറസ്റ്റില്‍. മുഅമ്മര്‍ ഗദ്ദാഫിയുടെ വിശ്വസ്തനായ ഒബൈദിയുടെ അറസ്റ്റ് വിമത സേന സ്ഥിരീകരിച്ചു.

ട്രിപ്പോളിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ ജന്‍സോര്‍ നഗരത്തില്‍ നിന്നുമാണ് ഒബെയ്ദിയെ പിടികൂടിയതെന്ന് വിമതരുടെ സംഘടനയായ ദേശീയ പരിവര്‍ത്തിത കൗണ്‍സില്‍ അറിയിച്ചു. ജാന്‍സോറിലെ ഫാമില്‍ നിന്നുമാണ് പരമ്പരാഗത ലിബിയന്‍ വേഷം ധരിച്ച ഒബെയ്ദിയെ കണ്ടെത്തിയതെന്ന് കൗണ്‍സില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ മാര്‍ച്ച് 31നാണ് അബ്ദലാതി അല്‍ ഒബൈദി ഗദ്ദാഫി ഭരണകൂടത്തിലെ വിദേശകാര്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

അതിനിടെ ഗദ്ദാഫിയുടെ സഹായിയായ അബ്ദുള്ള അല്‍ ഹിജാസിയേയും ട്രിപ്പോളിയില്‍ നിന്നു അറസ്റ്റു ചെയ്തതായി കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഗദ്ദാഫിയുടെ ജന്മനഗരമായ സിര്‍ത്തിയിലെയും ഇതര നഗരങ്ങളിലെയും ഗദ്ദാഫി അനുകൂലികള്‍ക്ക് വിമതര്‍ അന്ത്യശാസനം നല്‍കുന്നുണ്ട്. എന്നാല്‍ സിര്‍ത്തേയിലെ ഗോത്രനേതാക്കള്‍ അന്ത്യശാസനം നിരാകരിച്ചെന്നാണ് റിപ്പോര്‍ട്ട്.