ട്രിപ്പോളി: ലിബിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് ബംഗാസി തുറമുഖത്തെ ദുരിത ക്യാമ്പില്‍ അവശേഷിക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംഘത്തിന് മോചനമായി. ഇവരെയും കൊണ്ട് കഴിഞ്ഞ ദിവസം പുറപ്പെട്ട ഇന്ത്യന്‍ കപ്പല്‍ ഇന്നലെ രാത്രിയോടെ ഈജിപ്തിലെ അലക്‌സാണ്ട്രിയായിലെത്തി. ഇവിടെനിന്നും ഇവരെ വിമാനമാര്‍ഗം മൂംബൈയിലെത്തിക്കും.

കഴിഞ്ഞമാസം 24നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ തുറമുഖത്തെത്തിയത്. ഭക്ഷണംപോലും ലഭിക്കാതെ ദുരിതം നേരിട്ട ഇവരോട് ശനിയാഴ്ചയ്ക്കകം എവിടേയ്‌ക്കെങ്കിലും മാറിക്കൊള്ളാനായിരുന്നു തുറമുഖ അധികൃതരുടെ നിര്‍ദേശം. ശനിയാഴ്ച തന്നെ ഇന്ത്യന്‍ കപ്പല്‍ ലിബിയയിലെത്തിയിരുന്നു. ഇവര്‍ താമസിച്ചിരുന്ന ക്യാമ്പിന് കലാപകാരികള്‍ തീവെച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഘത്തില്‍പെട്ടവരുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് എംബസി മുഖേന ഇവര്‍ക്ക് താല്‍ക്കാലിക പാസ്‌പോര്‍ട്ടും രേഖകളും നല്‍കുകയായിരുന്നു.

122 ഇന്ത്യക്കാരാണ് ഇപ്പോള്‍ നാട്ടിലേക്ക് തിരിച്ചവരില്‍ ഉള്ളത്. അതില്‍ അഞ്ചുപേര്‍ മലയാളികളാണ്. ചൊവ്വാഴ്ച മുംബൈയിലെത്തുന്ന ഇവരെ നാട്ടിലെത്തുക്കുന്ന ചുമതല സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് കരുതുന്നത്.

അതേസമയം ഇവിടെ ഇപ്പോഴും നൂറുകണക്കിന് വിദേശികള്‍ പട്ടിണിയിലാണെന്നാണ് റിപ്പോര്‍ട്ട്. വികസിത രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്തിയവരെ വിമാനങ്ങളിലും കടല്‍മാര്‍ഗവും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ എംബസി നടത്തുന്നുണ്ട്. എന്നാല്‍ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇവിടെയെത്തിയ നൂറുകണക്കിനാളുകള്‍ ആഹാരമോ, ഭക്ഷണമോ ഇല്ലാതെ മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ ഇവരെ രക്ഷിക്കാന്‍ യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

ഇങ്ങനെ ദുരിതമനുഭവക്കുന്നവരില്‍ ഭൂരിപക്ഷവും ഘാന,നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. മിക്കതും അനധികൃതമായി ഇവിടെ കടന്നുകൂടിയവരും. ഇവരില്‍ ചിലര്‍ പട്ടിണി കിടന്ന് മരിച്ചതായും റിപ്പോര്‍ട്ടുണ്ട്.