ട്രിപ്പോളി: ആറുമാസക്കാലത്തോളമായി തുടരുന്ന ഗദ്ദഫി സേനയും വിമതരും തമ്മിലുള്ള പോരാട്ടത്തില്‍ ഇത് വരെയുണ്ടായതില്‍ ഏറ്റവും വലിയ മുന്നേറ്റം നടത്തുകയാണ് വിമതര്‍ ഇപ്പോള്‍. പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ തന്ത്രപ്രധാന തീരദേശ നഗരങ്ങളായ സാവിയയും സ്ലിറ്റാനും വിമതരുടെ പൂര്‍ണ നിയന്ത്രണത്തിലായി. സാവിയയുടെ ചില ഭാഗങ്ങളും പ്രധാന എണ്ണശുദ്ധീകരണ ശാലയും നേരത്തേ തന്നെ വിമതര്‍ പിടിച്ചെടുത്തിരുന്നു.

സാവിയയില്‍ രണ്ട് പേരും സ്ലിറ്റാനില്‍ 32 പേരും കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം വിമതപക്ഷത്തുള്ളവരാണ്. ഗദ്ദാഫി സേന തിരിച്ചടിക്കുന്നുണ്ടെങ്കിലും വിമതസംഘത്തെ നേരിടാനാകാതെ ഗദ്ദാഫി സേന പിന്മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് നഗരങ്ങള്‍കൂടി പിടിച്ചെടുത്തതോടെ വിമതര്‍ തലസ്ഥാനമായ ട്രിപ്പോളിയെ മൂന്നുവശത്തുനിന്നും ആക്രമിക്കാനൊരുങ്ങുകയാണ്. മുന്‍പ് ട്രിപ്പോളി പിടിച്ചടക്കാന്‍ വിമതര്‍ ശ്രമിച്ചപ്പോഴെല്ലാം സര്‍ക്കാര്‍ സേന തുടക്കത്തിലേ പരാജയപ്പെടുത്തിയിരുന്നു.

ഗദ്ദാഫി സേന 10 പ്രക്ഷോഭകരെ തൂക്കിക്കൊന്നതിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ന്യൂയോര്‍ക്കിലെ മനുഷ്യാവകാശ സംഘടന പ്രസിദ്ധീകരിച്ചു. മെയ് 28ന് മിസ്രാറ്റയിലെ ബാനി വാലിദ് പട്ടണത്തില്‍ പ്രതിഷേധപ്രകടനം നടത്തിയവരെയാണ് സൈന്യം വധിച്ചത്.

ഗദ്ദാഫി ഭരണകൂടത്തിലെ പ്രമുഖനും ഉപ ഭരണാധികാരിയും ആയിരുന്ന അബ്ദേല്‍ സലാം ജലൗദ് കൂറ് മാറിയെന്ന് വിമതകേന്ദ്രങ്ങള്‍ പറയുന്നു. രണ്ട് നഗരങ്ങള്‍ നഷ്ടപ്പെട്ടതിനൊപ്പം ജലൗദ് മറുകണ്ടം ചാടിയത് ഗദ്ദാഫി സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 1969ല്‍ സൈനിക അട്ടിമറിയിലൂടെ ഗദ്ദാഫി അധികാരത്തിലേറുമ്പോള്‍ അദ്ദേഹത്തിന്റെ വലംകൈയായിരുന്നു ജലൗദ്. അതേ സമയം, ഗദ്ദാഫി കുടുംബത്തോടൊപ്പം ടുണീഷ്യയിലേക്ക് കടക്കാന്‍ തയ്യാറെടുക്കുന്നുണ്ടെന്ന് എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.