ട്രിപ്പോളി: ലിബിയയെ അറബ് ലീഗില്‍ നിന്നു പുറത്താക്കിയതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അമര്‍ മൗസ അറിയിച്ചു. പ്രക്ഷോഭകരെ നേരിടാന്‍ ഗദ്ദാഫി ഭരണകൂടം ടാങ്കുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ലിബിയയെ അറബ് ലീഗില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്.

അറബ് ലീഗില്‍ നിന്നും ലിബിയയെ സസ്‌പെന്റുചെയ്തതായുള്ള വാര്‍ത്തകള്‍ അല്‍ ജസീറ ചാനല്‍ പുറത്തുവിട്ടു. അവസാന ശ്വാസം വരെ പൊരാടും. രാജ്യം വിട്ടുപോകുന്ന പ്രശ്‌നമില്ല. രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന അവസാനത്തെയാളെയും വധിക്കുമെന്നും പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫി ഇന്നലെ ദേശീയ ടെലിവിഷന്‍ ചാനലിലൂടെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധവിമാനങ്ങള്‍ പ്രക്ഷോഭകര്‍ക്കുനേരെ ബോംബ് വര്‍ഷിച്ചു.

രാജിവയ്ക്കാതെ സ്വന്തം പൗരന്‍മാരെ കൊന്നൊടുക്കാനുള്ള ഗദ്ദാഫിയുടെ നീക്കം അതിരുകടന്നതാണെന്ന് അമര്‍ മൗസ പറഞ്ഞു. ഇതിനിടെ യു.എന്നില്‍ നിന്നുള്ള ലിബിയന്‍ നയതന്ത്ര പ്രതിനിധികളും ഗദ്ദാഫിക്കെതിരേ തിരിഞ്ഞു. നേരത്തെ ഇന്ത്യയുള്‍പ്പെടെ ഏതാനും രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ രാജിവച്ചിരുന്നു. സൈന്യത്തില്‍ ഒരു വിഭാഗവും ഗദ്ദാഫിക്കെതിരെ തിരിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ലിബിയന്‍ ആഭ്യന്തര മന്ത്രി അബ്ദല്‍ ഫത്താ യൂനസ് രാജിവച്ച് പ്രക്ഷോഭകരുടെ ഒപ്പം ചേര്‍ന്നു. ഫെബ്രുവരി 17ന് ആംരഭിച്ച വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എന്ന നിലയിലുള്ള തന്റെ ചുമതലകളില്‍ നിന്നും രാജിവക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.